Kerala News
എ.കെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ, അദ്ദേഹത്തിന് പിണറായിയെ ഭയമാണ്: മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മന്ത്രി എ.കെ ബാലന്റെ പ്രസ്താവനക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. എ.കെ ബാലന്റെ പ്രസ്താവനക്ക് കാരണം സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന മാനസികാവസ്ഥയാണെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയെ പേടിയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഒരു കാലഘട്ടത്തില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടി ഇവിടെയാകെ ഭയപ്പെട്ടിട്ടുള്ളത് ജനത്തെ മാത്രമാണെന്നും എന്നാലിന്ന് അവര്‍ ഭയപ്പെടുന്ന ഏക വ്യക്തി പിണറായി വിജയന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എ.കെ ബാലന്റെ പ്രസ്താവന ശ്രദ്ധാപൂര്‍വം ഞാന്‍ കേട്ടിരുന്നു. അത് അദ്ദേഹം പറയാന്‍ കാരണം ഇന്നത്തെ സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന മാനസികാവസ്ഥ വെച്ചാണ്. ഒരു കാലഘട്ടത്തില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടി ഇവിടെയാകെ ഭയപ്പെട്ടിട്ടുള്ളത് ജനത്തെ മാത്രമാണ്. ജനങ്ങളെ സി.പി.ഐ.എമ്മിന് ഭയമുണ്ടായിരുന്നു, അഭിമാനിയായ കമ്മ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയും. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു സി.പി.ഐ.എം എന്ന പാര്‍ട്ടി ഭയപ്പെടുന്ന ഏക വ്യക്തിയെന്ന് പറയുന്നത് പിണറായി വിജയനെ മാത്രമാണ്.
സി.പി.ഐ.എമ്മിലെ എല്ലാവര്‍ക്കും പൊളിറ്റ് ബ്യൂറോ മുതല്‍ ഇങ്ങ് താഴേക്ക് വന്നാല്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിക്ക് പിണറായി ഭയം ബാധിച്ചിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണനോട് ചെയ്തത് കണ്ടില്ലേ, സ്വന്തം മകന്റെ കാര്യം അയാളെ കൊണ്ട് തന്നെ പറയിപ്പിക്കുകയാണ്. മക്കള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞു. ഇന്നത്തെ സി.പി.ഐ.എം സെക്രട്ടറിയേറ്റിന്റെ അവസ്ഥ വ്യക്തമാക്കുന്നതല്ലേ, കഴിഞ്ഞ ദിവസത്തെ പ്രസ്താവന,’ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ഭയന്ന് പ്രതിപക്ഷം എവിടെയും പോകാന്‍ പോകുന്നില്ലെന്നും അദ്ദേഹത്തോട് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിച്ചുകൊണ്ടിരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
‘സി.പി.ഐ.എമ്മിനാണ് ഭയം, സി.പി.ഐ.എം നേതാക്കള്‍ക്കാണ് ഭയം. മുഖ്യമന്ത്രിയെ ഭയന്ന് പ്രതിപക്ഷം എവിടെയും പോകാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിച്ചുകൊണ്ടിരിക്കും. അദ്ദേഹം എന്തെങ്കിലും നിയമസഭയില്‍ വന്ന് ആക്രോശിച്ചതുകൊണ്ട്, വെല്ലുവിളിച്ചതുകൊണ്ട് ഞങ്ങള്‍ ഇട്ടിട്ട് പോയിട്ടുണ്ടോ. പിന്നെ എ.കെ ബാലന്‍ എന്ത് അര്‍ത്ഥത്തിലാണ് അത് പറഞ്ഞത്. ഏത് കാര്യത്തിലാണ് മുഖ്യമന്ത്രിയെ ഭയന്ന് ഞങ്ങള്‍ പറയാതിരുന്നിട്ടുള്ളത്. മുഖ്യമന്ത്രി മറുപടി പറയട്ടേ. അദ്ദേഹം പറഞ്ഞാല്‍ മതി. എ.കെ ബാലന്റെ മാനസികാവസ്ഥയാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് പിണറായി വിജയനെ ഭയമാണ്. അദ്ദേഹമെന്നല്ല സി.പി.ഐ.എമ്മിലെ എല്ലാ നേതാക്കന്മാര്‍ക്കും പൊളിറ്റ് ബ്യൂറോയില്‍ ഉള്ളവര്‍ക്ക് പോലും പിണറായി വിജയനെ ഭയമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്നത്തെ സി.പി.ഐ.എമ്മിന്റെ അപജയത്തിന്റെ ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നെന്ന് പറയുന്നത് അതുതന്നെയാണ്,’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ടയാണെന്നും വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നുവെന്നുമായിരുന്നു എ.കെ. ബാലന്‍ പറഞ്ഞിരുന്നത്. സി.എം.ആര്‍.എല്ലിന് ഇനിയും സേവനം കൊടുക്കുമെന്നും അതിനുള്ള വേതനം വാങ്ങുമെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.
Content Highlights: Mathew kuzhalnadan against A.K balan