സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടന്റെ ലീഗല്‍ സ്ഥാപനം
കൊച്ചി: സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ലീഗല്‍ സ്ഥാപനം. മാത്യു കുഴല്‍ നാടന്‍ കെ.എം.എന്‍.പി ലോ സ്ഥാപനമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപനത്തിനെതിരെ ഉന്നയിച്ചുവെന്ന് കാട്ടിയാണ് നോട്ടീസ്.
ഓഫീസ് പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രസാതാവനകളാണ് പ്രചരിപ്പിച്ചത്. ഇവ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.എം.എന്‍.പി ലോ സ്ഥാപനം അറിയിച്ചിട്ടുണ്ട്.
മാത്യു കുഴല്‍നാടന്റെ ലീഗല്‍ സ്ഥാപനത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമായിരുന്നു സി.എന്‍ മോഹനന്‍ ഉന്നയിച്ചിരുന്നത്. ദുബായ്, ദല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളില്‍ മാത്യു കുഴല്‍നാടന് ലീഗല്‍ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നായിരുന്നു സി.എന്‍. മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
Content Highlights: Mathew Kuzhalnad’s legal firm has sent legal notice to CN Mohanan