| Monday, 6th May 2024, 11:16 am

മാത്യു കുഴല്‍നാടന്റെ ആവശ്യം തള്ളി: മാസപ്പടിക്കേസില്‍ അന്വേഷണമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ ടി.വീണ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ആവശ്യം വിജിലന്‍സ് കോടതി തള്ളി. കോടതി നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയിരിക്കുന്നത്.

സര്‍ക്കാറിന് ആശ്വാസവും മാത്യു കുഴല്‍നാടന് തിരിച്ചടി നല്‍കുന്നതുമാണ് കോടതി വിധി. വിജിലന്‍സിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി മാത്യു കുഴല്‍ നാടന്റെ ഹരജി തള്ളിയത്. മാത്രവുമല്ല മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി അഴിമതി നടത്തിയതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.

സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നും അതിനുള്ള പ്രതിഫലമാണ് എക്‌സാലോജിക് വഴി മുഖ്യമന്ത്രിയുടെ മകള്‍ കൂടിയായ ടി. വീണ കൈപറ്റിയത് എന്നുമായിരുന്നു മാത്യുവിന്റെ ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സിനെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി തന്നെയാണ് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ വിജിലന്‍സ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ കോടതി ഇടപെട്ട് നേരിട്ട് അന്വേഷിക്കണമെന്നുമായിരുന്നു മാത്യുവിന്റെ ആവശ്യം.

നേരത്തെ കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യുവിന്റെ ആവശ്യം. പിന്നീടത് കോടതി നേരിട്ട് അന്വേഷിക്കണമെന്നും താന്‍ തെളിവ് ഹാജരാക്കാമെന്നും മാത്യു പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കാന്‍ കോടതി മാത്യുവിനോട് ആവശ്യപ്പെട്ടു. കോടതി വേണോ, വിജിലന്‍സ് വേണോ എന്ന് ഹരജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്നായിരുന്നു മാത്യുവിന്റെ നിലപാട്. തുടര്‍ന്നാണ് കേസില്‍ ഇന്ന് വിധി വന്നിരിക്കുന്നത്.

updating…

content highlights: Mathew Kuzhal Nadan’s demand rejected: No court inquiry in Masapadi case

We use cookies to give you the best possible experience. Learn more