Advertisement
Film News
ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മാത്യു; ഒപ്പം മലയാളി നായികമാരും; പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 24, 01:55 pm
Sunday, 24th December 2023, 7:25 pm

വിജയ് ചിത്രം ലിയോക്ക് പിന്നാലെ വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ മാത്യു തോമസ്. ഇത്തവണ ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്‍മേല്‍ എന്നെടി കോപം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. മാത്യുവിന് പുറമേ അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പവിഷ്, വെങ്കടേഷ് മേനോന്‍, റാബിയ ഖാട്ടൂണ്‍, രമ്യ രംഗനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയില്‍ വിജയ്‌യുടെ മകനായാണ് മാത്യു അഭിനയിച്ചത്. താരത്തിന്റെ പ്രകടനവും ചിത്രത്തില്‍ ശ്രദ്ധ നേടിയിരുന്നു.

കപ്പ് ആണ് റിലീസിന് ഒരുങ്ങുന്ന മാത്യവിന്റെ മറ്റൊരു ചിത്രം. ഈ ചിത്രത്തിലും അനിഖ അഭിനയിക്കുന്നുണ്ട്. മുഴുനീള കഥാപത്രമായി ബേസില്‍ ജോസഫും ചിത്രത്തിലെത്തുന്നുണ്ട്. നമിത പ്രമോദ്, കാര്‍ത്തിക് വിഷ്ണു, റിയാ ഷിബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ കപ്പ് സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവലാണ്.

ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ റിലീസ് ചെയ്ത അനിഖയുടെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ പെങ്ങളായാണ് അനിഖ അഭിനയിച്ചത്.

ബോളിവുഡ് ചിത്രം യാരിയാന്‍ 2 ആണ് ഒടുവില്‍ പുറത്ത് വന്ന പ്രിയ വാര്യറുടെ ചിത്രം. രാധിക റാവോ, വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന സംവിധാനം ചെയ്ത ചിത്രം ബാഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്കായിരുന്നു.

Content Highlight: Mathew is acting in Nilavuk Enmel Ennedi Kopam directed by Dhanush