| Thursday, 19th December 2024, 8:16 am

വിരാടിനും ഖവാജയ്ക്കും ഇതൊരു പുനര്‍ജന്മമായിരിക്കാം; മാത്യു ഹെയ്ഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതടക്കം അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു ഗാബയില്‍ നടന്നത്.

ഇതോടെ ക്രിക്കറ്റ് ലോകം വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങളേക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഓസീസിനെതിരെ പെര്‍ത്തില്‍ നടന്ന മത്സരത്തിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ഏറെ കാലങ്ങളായി വിരാട് ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയില്ല. ഗാബയില്‍ മൂന്ന് റണ്‍സിനായിരുന്നു താരം മടങ്ങിയത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍. എം.സി.ജിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ വിരാടിന് ഫോം കണ്ടെത്താനാകുമെന്നാണ് ഹെയ്ഡന്‍ വിശ്വസിക്കുന്നത്.

ഹെയ്ഡന്‍ പറഞ്ഞത്

‘വിരാട് കോഹ്‌ലിക്കും ഉസ്മാന്‍ ഖവാജയ്ക്കും ഇത് ഒരു പുനര്‍ജന്മമായിരിക്കാം. എം.സി.ജിയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് നല്ലതാണ്. പുതിയ പന്ത് അല്‍പ്പം നന്നാകുമെങ്കിലും നിങ്ങളുടെ ഫോക്കസ് നന്നായാല്‍ ബാറ്റര്‍മാര്‍ക്ക് മികച്ചതാണ്. എം.സി.ജിയിലെ വേദിയില്‍ വര്‍ഷങ്ങളായി മികച്ച വിക്കറ്റ് പിച്ചുകള്‍ നല്‍കുന്നുണ്ട്, അത് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി തുടരുമെന്ന് ഞാന്‍ കരുതുന്നു.

നാലാം ടെസ്റ്റില്‍ വിരാട് തന്റെ ബാറ്റിങ് ശൈലിക്ക് യോജിച്ച രീതിയില്‍ റണ്‍സ് നേടുമെന്ന് കരുതുന്നു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന ഡെലിവറികള്‍ കളിക്കുന്നത് നിര്‍ത്തിയാല്‍ മതി. വളരെക്കാലം മുമ്പ് സിഡ്നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ അത് വിജയകരമായി ചെയ്തു, വിരാടിന് ആ ടെംപ്ലേറ്റ് പിന്തുടരാതിരിക്കാന്‍ ഒരു കാരണവുമില്ല. വരാനിരിക്കുന്ന മത്സരത്തില്‍ അവന്‍ റണ്‍സ് നേടുമെന്ന് കരുതുന്നു,

അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയില്ല, കാരണം ഇത് ഏതൊരു ബാറ്റര്‍ക്കും സംഭവിക്കാം. മൂന്ന് നല്ല പന്തുകളില്‍ പുറത്തായത് മറക്കരുത്. മൂന്നാം ടെസ്റ്റില്‍ തന്നെ പുറത്താക്കിയതിന് വേണമെങ്കില്‍ അവന് ചോദ്യം ചെയ്യാം. ഫോമിലേക്ക് മടങ്ങാന്‍ എന്താണ് വേണ്ടതെന്ന് വേണ്ടതെന്ന് അവന് അറിയാം, അതിനുള്ള ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഗാബയില്‍ നടന്ന ടെസ്റ്റിലെ ഭൂരിഭാഗവും മഴ പെയ്യുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ 445 റണ്‍സിന് തളക്കുകയായിരുന്നു. ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 275 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇന്ത്യയ്ക്ക് മറികടക്കാനുള്ളത്. അവസാന ദിനം അവസാനിക്കുന്നതിനുള്ളില്‍ (54 ഓവര്‍) ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായാല്‍ വിജയം സ്വന്തമാക്കാം. എന്നാല്‍ ഗാബയില്‍ വില്ലനായി വീണ്ടും മഴ പെയ്തപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സ് നേടി മത്സരം സമനിലയിലേക്ക് എത്തുകയായിരുന്നു.

Content Highlight: Mathew Hayden Talking About Virat Kohli

We use cookies to give you the best possible experience. Learn more