| Monday, 16th December 2024, 2:41 pm

ഇന്ത്യയുടെ ടെസ്റ്റ് പാരമ്പര്യം രോഹിത്തിന്റെ കീഴില്‍ തകരും; വിമര്‍ശനവുമായി മാത്യു ഹെയ്ഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടിയത്. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ മഴ വീണ്ടും മത്സരത്തിന്റെ രസംകൊല്ലിയായി അവതരിച്ചിരുന്നു. ഇതോടെ ഏറെ സമയം മത്സരം വൈകുകയും ചെയ്തു.

നിലവില്‍ സമ്മര്‍ദ ഘട്ടത്തിലാണ് ഇന്ത്യ. രോഹിത്തിന്റെ കീഴില്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കിവീസിനെതിരെ ഹോം ടെസ്റ്റിലടക്കം പരാജയപ്പെട്ട് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വിയായിരുന്നു ഇത്. ഇപ്പോള്‍ രോഹിത്തിനിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍. വിരാട് ടെസ്റ്റ് ടീം ക്യാപ്റ്റനായപ്പോള്‍ ഉള്ള ഇന്ത്യയുടെ വിജയ പാരമ്പര്യം രോഹിത് തകര്‍ക്കുകയാണെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്.

മാത്യു ഹൈഡന്‍ പറഞ്ഞത്

‘ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ നിരാശനാണ്. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി അഞ്ച് തവണ അവര്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഏഴ് വര്‍ഷം കൊണ്ട് കോഹ്‌ലി നേടിയെടുത്ത പാരമ്പര്യമാണ് ഇന്നത്തെ ഇന്ത്യന്‍ ടീം. രോഹിതിന്റെ കീഴില്‍ അത് നഷ്ടപ്പെടുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് പാരമ്പര്യം തകരാന്‍ ഇത് കാരണമാകും,’ മാത്യു ഹൈഡന്‍ പറഞ്ഞു.

പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ രോഹിത് മാറി നിന്നപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ മികച്ച വിജയങ്ങളാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ സ്വന്തമാക്കിയത്. ബി.ജി.ടിയില്‍ വിരാട് മൂന്ന് വിജയം നേടിയിട്ടുണ്ട്. ഇന്ത്യയെ 68 ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച വിരാട് 40 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ 17 തോല്‍വി മാത്രമാണ് വിരാടിനുള്ളത്.

Content Highlight: Mathew Haydan Talking About Rohit Sharma And Virat Kohli

We use cookies to give you the best possible experience. Learn more