ഐ.സി.സി ഏകദിന ലോകകപ്പിൽ ഒക്ടോബർ 12ന് ലക്നൗവിൽ വെച്ച് നടന്ന ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക മത്സരത്തിൽ ഓസ്ട്രേലിയ 134 റൺസിന്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിലെ ഓസ്ട്രേലിയയുടെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ.
ഓസ്ട്രേലിയൻ ബൗളിങ്ങിലുള്ള മാറ്റങ്ങളെകുറിച്ചും അദ്ദേഹം വിമർശിച്ചു.
‘മത്സരത്തിൽ ആദ്യ പത്ത് ഓവറിൽ ഒരു ഓഫ് സ്പിന്നർ മാത്രമാണ് ബൗൾ ചെയ്തത്. വിക്കറ്റുകൾ വീഴ്ത്താൻ അവർക്ക് കൃത്യമായ ഒരു തന്ത്രം ഇല്ലായിരുന്നു. സ്പിൻ മാന്ത്രികൻ ഷെയിൻ വോണിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസിലേക്ക് അദ്ദേഹം എങ്ങനെ വിക്കറ്റുകൾ നേടുക എന്നാണ് വരുന്നത്. എന്നാൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് എനിക്ക് തോന്നുന്നത്. അവർ തോൽക്കാൻ വേണ്ടി കളിക്കുന്ന പോലെ എനിക്ക് തോന്നുന്നു,’ ഹേയ്ഡൻ വിസ്ഡൺ ഡോട്ട് കോമിനോട് പറഞ്ഞു.
‘ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ സൗത്താഫ്രിക്കയുടെ പ്രധാന താരങ്ങൾ ഉണ്ടായിരുന്നിട്ടും മാർക്കോ ജാൻസൻ, ലുങ്കി എൻഗിടി, കാഗിസോ റബാഡ എന്നീ ബൗളർമാരാണ് ഓസ്ട്രേലിയൻ ബൗളിങ്ങിന് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കിയത്. ഏഴാം വിക്കറ്റിൽ ലബുഷാനെയും, മിച്ചൽ സ്റ്റാർക്കും ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെടുന്നന്നതാണ് ടീമിന് തിരിച്ചടിയായത്,’ മുൻ ഓപ്പണർ കൂട്ടിചേർത്തു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെയും ഓസ്ട്രേലിയ തോൽവി നേരിട്ടിരുന്നു. തുടർച്ചയായുള്ള രണ്ട് തോൽവികൾ ടീമിന്റെ ലോകകപ്പിലെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. എങ്കിലും വരാനുള്ള മത്സരങ്ങളിലെല്ലാം ഓസ്ട്രേലിയ മികച്ച പ്രകടനം നടത്തി തിരിച്ചുവന്നാൽ മാത്രമേ അവർക്ക് ടൂർണമെന്റിൽ നിലനിൽക്കാനാവൂ.
ഒക്ടോബർ 16ന് ലക്ക്നൗവിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
Content Highlight: Mathew Hayden share the disappoinment about the bad performance of Australia in the worldcup.