ഏകദിന ലോകകപ്പില്‍ വന്‍ പരാജയമായിക്കൊണ്ട് സൂര്യകുമാര്‍ യാദവ് 50 ഓവര്‍ ഫോര്‍മാറ്റ് തനിക്ക് പറ്റിയ പണിയല്ല എന്ന് വീണ്ടും തെളിയിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ താരമായി തുടരുമ്പോഴും ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ഗ്രാഫ് താഴേക്ക് കൂപ്പുകുത്തുകയാണ്.
ഏകദിനം കളിച്ച് പഠിക്കട്ടെ എന്ന് പറഞ്ഞവര്‍ക്ക് പോലും അവനില്‍ വിശ്വാസം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
എന്നാല്‍ ഫോര്‍മാറ്റ് മാറിയാല്‍ താന്‍ കൊടുങ്കാറ്റാകുമെന്ന് സ്‌കൈ വീണ്ടും തെളിയിച്ചിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ തങ്ങളെ തോല്‍പിച്ച ഓസീസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സൂര്യയും സംഘവും പരമ്പരക്ക് തുടക്കം കുറിച്ചത്.
സൂര്യയുടെ വെടിക്കെട്ടിന് പിച്ചിന്റെ സ്വഭാവമടക്കമുള്ള വസ്തുതകള്‍ കാരണമായി പറയാമെങ്കിലും ടി-20യിലെ താരത്തിന്റെ മേന്മ കുറയ്ക്കാന്‍ അതൊന്നും പോരാതെ വരും. ടി-20യില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച സ്‌കൈ, പരമ്പരയും നേടാനുള്ള ഒരുക്കത്തിലാണ്.
വിശാഖപട്ടണത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 42 പന്തില്‍ 80 റണ്‍സ് നേടിയാണ് സ്‌കൈ പുറത്തായത്. ടി-20യില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ രണ്ടാമത് താരം എന്ന റെക്കോഡും ടി-20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡും ഇതോടെ സ്‌കൈ സ്വന്തമാക്കി.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം നടന്ന രവി ശാസ്ത്രിയും മാത്യൂ ഹെയ്ഡനും തമ്മിലുള്ള ഇന്ററാക്ഷനിലെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. സൂര്യകുമാറിനെ തടഞ്ഞുനിര്‍ത്താനുള്ള വഴിയെ കുറിച്ചുള്ള ഇവരുടെ ചര്‍ച്ചയാണ് ആരാധകരെ ചിരിപ്പിക്കുന്നത്.
ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന സൂര്യകുമാറിനെ തടഞ്ഞു നിര്‍ത്താന്‍ എന്തുചെയ്യണമെന്ന രവി ശാസ്ത്രിയുടെ ചോദ്യത്തിന് അവനോട് ഇത് ഏകദിന മത്സരമാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഹെയ്ഡന്റെ മറുപടി.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് ഇന്ത്യയൊരുങ്ങുന്നത്. നവംബര്‍ 26നാണ് പരമ്പരയിലെ രണ്ടാം മത്സരം. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദി.
ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്, ടിം ഡേവിഡ്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യൂ വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, നഥാന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഘ.
Content highlight: Mathew Hayden’s funny comment about Suryakumar Yadav