| Friday, 23rd August 2024, 8:59 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പ്രധാന പങ്കുവഹിക്കാന്‍ പോകുന്നത് അവര്‍ തന്നെയായിരിക്കും: മാത്യു ഹെയ്ഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഈ വര്‍ഷം തന്നെ അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്, അതില്‍ മൂന്നെണ്ണം ടെസ്റ്റ് പരമ്പരകളും.

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ റെഡ്ബോള്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുക. ബംഗ്ലാദേശും ന്യൂസിലാന്‍ഡും ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തിലേക്ക് പറക്കും.

ഇന്ത്യന്‍ ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മര്‍ വിരാട് കോഹ്‌ലിയെയും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഫാബ് ഫോറിലെ ഇരു താരങ്ങളും അതാത് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

‘വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും അവരവരുടെ ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കും. ക്രിക്കറ്റ് എന്നാല്‍ മൊമെന്റത്തിന്റെ കളി കൂടിയാണ്. ഏത് ടീം മൊമെന്റം നേടുന്നോ, അവരാകും വിജയിച്ചുവരിക.

ക്രിക്കറ്റ് കരിയറിന്റെ അവസാന അധ്യായങ്ങളിലേക്കെത്തുന്ന ഇരു താരങ്ങളും കളിക്കളം നിറഞ്ഞുകളിക്കുമെന്ന് എനിക്ക് ഉറപ്പാണ്.

അത് അവരുടെ ശൈലിയാണ്. വ്യത്യസ്തങ്ങളായ രീതിയിലും ശൈലിയിലുമായിരിക്കും അവര്‍ അത് ചെയ്യുക. ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ ഇവര്‍ക്ക് ടീമിന്റെ വിജയത്തിന് വേണ്ടി പ്രധാന പങ്ക് വഹിക്കാനുണ്ടാകും,’ ഹെയ്ഡന്‍ പറഞ്ഞു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്. 2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Mathew Hayden about Virat Kohli and Steve Smith: Border-Gavaskar Trophy: India vs Australia

We use cookies to give you the best possible experience. Learn more