| Friday, 23rd August 2024, 9:43 am

അവനെ ഓസ്ട്രേലിയക്കാർ വളരെയധികം സ്നേഹിക്കുന്നുണ്ട്, കാരണം അതാണ്: മാത്യു ഹെയ്‌ഡൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ആവേശകരമായ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍.

‘റിഷബ് പന്തിനെപ്പോലുള്ളവര്‍ക്ക് മത്സരങ്ങൾ വിജയിക്കാനുള്ള ദാഹമുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്ന പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ഓസ്‌ട്രേലിയയിലെ ആളുകള്‍ അവനെ സ്‌നേഹിച്ചു. കാരണം അവന്‍ കളിക്കുന്ന രീതി അവന്റെ സ്വഭാവം എല്ലാമാണ് ഇതിന് കാരണം,’ ഹെയ്ഡന്‍ മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് ചടങ്ങില്‍ പറഞ്ഞു.

2021ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗാബയിലെ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പന്ത്. നീണ്ട 32 വര്‍ഷങ്ങളായി ഓസ്ട്രേലിയ തോല്‍ക്കാത്ത ഗ്രൗണ്ട് ആയിരുന്നു ഗാബയിലേത്. ഓസ്ട്രേലിയയുടെ ഈ റെക്കോഡ് ആയിരുന്നു ഇന്ത്യ തകര്‍ത്തത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ആയിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ ബാക്കിയുള്ള രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ആദ്യ ഇന്നിങ്സില്‍ ബാറ്റ് വീശിയ ഓസ്ട്രേലിയ 369 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 336 റണ്‍സിന് പുറത്തായി.

രണ്ടാം ഇന്നിങ്സില്‍ ഓസീസ് 294 റണ്‍സിന് പുറത്താവുകയായിരുന്നു. പിന്നീട് ബാറ്റ് ചെയ്ത ഇന്ത്യ 329 റണ്‍സ് ആണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പന്ത് പുറത്താവാതെ 89 റണ്‍സ് നേടിയായിരുന്നു വിജയത്തില്‍ നിര്‍ണായകമായത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Mathew Haydan Talks About Rishabh Pant

We use cookies to give you the best possible experience. Learn more