Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇവന് സ്ഥാനമില്ലേ? അരങ്ങേറ്റ മത്സരത്തില്‍ തിരുത്തിയത് ക്രിക്കറ്റിന്റെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 10:41 am
Monday, 10th February 2025, 4:11 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ട്രൈസീരിസില്‍ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കന്‍ യുവതാരം മാത്യൂ ബ്രീറ്റ്‌സ്‌കെ. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ചരിത്രമെഴുതിയിരിക്കുന്നത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ബ്രീറ്റ്‌സ്‌കെ സെഞ്ച്വറി നേടിയത്. അതും തന്റെ ഏകദിന അരങ്ങേറ്റത്തില്‍!

148 പന്ത് നേരിട്ട് 150 റണ്‍സാണ് ബ്രീറ്റ്‌സ്‌കെ അടിച്ചെടുത്തത്. 11 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 18ാം താരമെന്ന നേട്ടവും നാലാമത് സൗത്ത് ആഫ്രിക്കന്‍ താരമെന്ന നേട്ടവും ബ്രീറ്റ്‌സ്‌കെ സ്വന്തമാക്കി. കോളിന്‍ ഇന്‍ഗ്രം (2010), തെംബ ബാവുമ (2016), റീസ ഹെന്‍ഡ്രിക്‌സ് (2018) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ചരിത്ര നേട്ടമാണ് പ്രോട്ടിയാസ് ഓപ്പണര്‍ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ഡെസ്മണ്ട് ഹെയ്ന്‍സിന്റെ 47 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇന്ന് ലാഹോറില്‍ തകര്‍ന്നുവീണത്.

1978 ഫെബ്രുവരി 22ന് തന്റെ അരങ്ങേറ്റം കുറിച്ച ഹെയ്ന്‍സ് ഓസ്‌ട്രേലിയക്കെതിരെ നേടിയ 148 റണ്‍സായിരുന്നു ഇക്കാലമത്രയും റെക്കോഡ് പട്ടികയുടെ തലപ്പത്തുണ്ടായിരുന്നത്. അര നൂറ്റാണ്ടോളം പഴക്കമുള്ള ഈ റെക്കോഡാണ് ബ്രീറ്റ്‌സ്‌കെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ടത്.

ഏകദിന അരങ്ങേറ്റത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

മാത്യൂ ബ്രീറ്റ്‌സ്‌കെ – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 150 – 2025*

സര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 148 – 1978

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 128 – 2021

കോളിന്‍ ഇന്‍ഗ്രം – സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 124 – 2010

മാര്‍ക് ചാപ്മാന്‍ – ഹോങ് കോങ് – യു.എ.ഇ – 124 – 2015

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 122 – 2009

ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – ശ്രീലങ്ക – 115 – 1992

അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ബ്രീറ്റ്‌സ്‌കെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡില്‍ ഇടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ താരത്തിന് ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഫെബ്രുവരി 12നാണ് എല്ലാ ടീമുകളും ടൂര്‍ണമെന്റിനുള്ള തങ്ങളുടെ ഫൈനല്‍ ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. ഈ ലിസ്റ്റില്‍ ബ്രീറ്റ്‌സ്‌കെ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വെറും ഒറ്റ ഏകദിനം മാത്രം കളിച്ച കോര്‍ബിന്‍ ബോഷിനെ പ്രോട്ടിയാസ് സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അതേസമയം, കിവീസിനെതിരായ മത്സരത്തില്‍ ബ്രീറ്റ്‌സ്‌കെയുടെ കരുത്തില്‍ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടി. വിയാന്‍ മുള്‍ഡര്‍ (60 പന്തില്‍ 64), ജേസണ്‍ സ്മിത് (51 പന്തില്‍ 41), ക്യാപ്റ്റന്‍ തെംബ ബാവുമ (23 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‌റിയും വില്‍ ഒ റൂര്‍കും രണ്ട് വിക്കറ്റ് വീതവും മൈക്കല്‍ ബ്രേസ്‌വെല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 22 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ്.

Content Highlight: Mathew Breetzke smashed the record of most runs in ODI debut