| Wednesday, 17th August 2022, 3:37 pm

അവര്‍ രണ്ട് പേരും ഒരിക്കലും ഒത്തുപോകുമെന്ന് തോന്നുന്നില്ല; അത്രക്കും വൃത്തികെട്ട പരിപാടിയാണ് അവന്‍ കാണിച്ചത്; പി.എസ്.ജി താരങ്ങളെ കുറിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ചയാകുന്ന വിഷയമാണ് പി.എസ്.ജിയില്‍ നടക്കുന്ന സൂപ്പര്‍താരങ്ങളുടെ പോര്. സീനിയര്‍ താരമായ നെയ്മറും എംബാപെയും തമ്മിലുള്ള ഇഗോ ക്ലാഷാണ് പി.എസ്.ജിയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം.

ലീഗ് വണ്ണിലെ മോണ്ട്‌പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ഒരു പെനാല്‍ട്ടി മിസ്സാക്കിയതിന് ശേഷം രണ്ടാമതൊരു പെനാല്‍ട്ടിയെടുക്കാനും എംബാപെ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ നെയ്മറായിരുന്നു പെനാല്‍ട്ടി എടുത്തത്. എന്നാല്‍ എംബാപെ ഇതില്‍ തൃപ്തനല്ലായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ പി.എസ്.ജി മിഡ് ഫീല്‍ഡറായ മാത്യു ബോഡ്മര്‍. പോക്ക് ഇങ്ങനെയാണെങ്കില്‍ നെയ്മറിനും എംബാപെക്കും സുഹൃത്തുക്കളായി മുന്നോട്ട് നീങ്ങാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ അത് ടീമിന്റെ മുന്നോട്ട് പോക്കിനെ വല്ലാതെ ബാധിക്കില്ലെന്നും ബോഡ്മര്‍ പറയുന്നു. ഒരുപാട് ടീമുകളില്‍ ഒരു ഹലോ പോലും പറയാത്ത താരങ്ങളുണ്ടായിട്ടുണെന്നും എന്നാല്‍ അള്‍ട്ടിമേറ്റ് ഗോള്‍ ടീമിന്റെ വിജയം ആണെന്നുള്ളത്‌കൊണ്ട് അത് പ്രശ്‌നമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നെയ്മറിനും എംബാപെക്കും ഒത്തുചേരാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ അത് എന്നെ അലട്ടുന്നില്ല. കളിക്കാര്‍ വര്‍ഷം മുഴുവനും ‘ഹലോ’ പറയാത്ത ചില ക്ലബ്ബുകള്‍ക്കായി ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കുന്നിടത്തോളം കാലം ഒരു പൊതു ലക്ഷ്യത്തിനായാണ് നിങ്ങള്‍ വിയര്‍പ്പൊഴുക്കുന്നത്. ഇപ്പോള്‍ അത് വലിയ പ്രശ്‌നമല്ല എന്നാല്‍ അവര്‍ അത് ആന്തരികമായി വേഗത്തില്‍ തീര്‍ക്കുന്നത് നല്ലതാണ്,’ ബോഡ്മര്‍ പറഞ്ഞു.

ഇത്രയും സൂപ്പര്‍താരങ്ങള്‍ കളിക്കുന്നത് കാരണം പി.എസ്.ജിയില്‍ എന്ത് ചെയ്താലും വാര്‍ത്തയാകുമെന്നും അദ്ദേഹം പറഞ്ഞു. എംബാപെ തിരിച്ചുവരുന്നതും നോക്കിയിരുന്ന എല്ലാവര്‍ക്കും നിരാശയാണ് ലഭിച്ചതെന്നും ബോഡ്മര്‍ പറയുന്നു.

‘ഇപ്പോള്‍ പി.എസ്.ജിയെ നേരിട്ടോ അല്ലാതെയോ ചുറ്റിപ്പറ്റിയുള്ളതെല്ലാം വളരെയധികം സംസാരിക്കപ്പെടുന്നു. മൂന്ന് അറ്റാക്കേഴ്‌സിനെയും ഒരുമിച്ച് കാണാന്‍ ഞങ്ങള്‍ കിലിയന്‍ എംബാപെയുടെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം വന്നപ്പോള്‍ അത് ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. എംബാപെയുടെ ഭാഗത്ത് നിന്നും ചില അനാവശ്യ സ്വഭാവങ്ങള്‍ ഉണ്ടായിട്ടുണ്ട് അതുകാരണം എല്ലാവരും പി.എസ്.ജിയുടെ തലയില്‍ കയറുന്നു,’ ബോഡ്മര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനമായിരുന്നു പ.എസ്.ജി കാഴ്ചവെച്ചത്. രണ്ട് മത്സരത്തിലു മികച്ച ലീഡോട് കൂടി വിജയിക്കാനും പി.എസ്.ജിക്ക് സാധിച്ചു.

Content Highlight: Mathew Bodmer says about the problems of PSG along with Neymar-Mbape ego clash

We use cookies to give you the best possible experience. Learn more