സിലിയെ കൊന്ന കേസിലും മാത്യുവിനെ അറസ്റ്റ് ചെയ്തു; ആല്‍ഫൈന്‍ കേസില്‍ ജോളിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും
Koodathayi Murder
സിലിയെ കൊന്ന കേസിലും മാത്യുവിനെ അറസ്റ്റ് ചെയ്തു; ആല്‍ഫൈന്‍ കേസില്‍ ജോളിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 1:33 pm

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊന്ന കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മാത്യു. അതിനാല്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിലിയെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണെന്നു കണ്ടെത്തിയിരുന്നു.

സിലിയുടെയും ആല്‍ഫൈന്റെയും കേസുകളില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച കോഴിക്കോട് ജയിലിലെത്തി അന്വേഷണ സംഘം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണു സാധ്യത.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോളിയെയും മാത്യുവിനെയും കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ നാളെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും.

തഹസില്‍ദാര്‍ ജയശ്രീ, സിലിയുടെയും ജോളിയുടെയും ബന്ധുക്കള്‍ എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണു ലക്ഷ്യം. സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന ജോണ്‍സണെ ആദ്യം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ജോണ്‍സണ്‍ തന്നെ ഉപദ്രവിക്കുന്നെന്നു കാണിച്ച് ഭാര്യ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെ ജോളി ഈ നീക്കം ഉപേക്ഷിച്ചു.

പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ജോളി പൊലീസിനോടു പറഞ്ഞു.