ഇന്ത്യയെ വെല്ലുവിളിച്ച് ശ്രീലങ്കയുടെ തുറുപ്പുചീട്ട്; ഐ.പി.എല്ലില്‍ ചെന്നൈയുടെ മുതലാണ് ഇവന്‍!
Sports News
ഇന്ത്യയെ വെല്ലുവിളിച്ച് ശ്രീലങ്കയുടെ തുറുപ്പുചീട്ട്; ഐ.പി.എല്ലില്‍ ചെന്നൈയുടെ മുതലാണ് ഇവന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 4:28 pm

ക്രിക്കറ്റ് ലോകത്ത് വമ്പന്‍ വിജയക്കുതിപ്പിലാണ് ഇന്ത്യ. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതോടെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തി ആദ്യ ഘട്ട പരിശീലനവും തുടങ്ങിയിരുന്നു. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ അസൈന്‍മെന്റാണ് ശ്രീലങ്കന്‍ സീരീസ്.

മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വനിന്ദു ഹസരംഗ സ്ഥാനം രാജിവച്ചതോടെ ചരിത് അസലംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ആദ്യ ടി-20ക്ക് മുന്നോടിയായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാന സംസാരിച്ചിരുന്നു.

തന്റെ ടീം ഇന്ത്യക്കെതിരെ കടുത്ത പോരാട്ടം നടത്തുമെന്നാണ് ഫാസ്റ്റ് ബൗളര്‍ മതീശ പറഞ്ഞത്. പുതിയ പരിശീലകന്റെ കീഴില്‍ ഒരു പുതിയ കോമ്പിനേഷനില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല എന്നാണ് പതിരാനാ വിശ്വസിക്കുന്നത്.

‘ഇത് ഒരു നല്ല വെല്ലുവിളിയാണെന്ന് ഞാന്‍ കരുതുന്നു. പുതിയ പരിശീലകനും പുതിയ കളിക്കാരുമായാണ് ഇന്ത്യ വരുന്നത്. അവരുടെ കോമ്പിനേഷന്‍ അല്പം വ്യത്യസ്തമായിരിക്കും. പക്ഷേ അവര്‍ ലോക ചാമ്പ്യന്മാരാണ് അത് ഞങ്ങള്‍ക്ക് ഒരു നല്ല വെല്ലുവിളിയാണ്,’ പതിരാന പറഞ്ഞു.

ശ്രീലങ്കയ്ക്ക് വേണ്ടി ടി-20 ഫോര്‍മാറ്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4/24 എന്ന മികച്ച ബൗളിങ് ഫിഗറും താരത്തിനുണ്ട്. ഏകദിനത്തില്‍ 12 മത്സരങ്ങള്‍ കളിച്ച താരം 17 വിക്കറ്റുകള്‍ നേടിയപ്പോള്‍ 4/35 എന്ന ബൗളിങ് ഫിഗറും നേടിയിട്ടുണ്ട്.

 

മാത്രമല്ല ഐ.പി.എല്ലില്‍ പത്തിരാന ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ ആറു മത്സരങ്ങള്‍ കളിച്ച് 13 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. മികച്ച പേസ് അറ്റാക്ക് നടത്തുന്ന താരം ഇന്ത്യക്ക് ഒരു വെല്ലുവിളി ആയിരിക്കും.

 

Content Highlight: Matheesha Pathirana Talking About India