| Thursday, 25th July 2024, 7:56 am

19ാം വയസിന് ശേഷം എന്നെ ദേശീയ ടീമില്‍ പോലും എടുത്തില്ല, ഐ.പി.എല്ലാണ് എനിക്ക് ഇടം തന്നത്; ശ്രീലങ്കന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്ത് വമ്പന്‍ വിജയക്കുതിപ്പിലാണ് ഇന്ത്യ. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്.

ഇതോടെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തി ആദ്യ ഘട്ട പരിശീലനവും തുടങ്ങിയിരുന്നു. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ അസൈന്‍മെന്റാണ് ശ്രീലങ്കന്‍ സീരീസ്. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വനിന്ദു ഹസരംഗ സ്ഥാനം രാജിവച്ചതോടെ ചരിത് അസലംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ഇപ്പോള്‍ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ആദ്യ ടി-20ക്ക് മുന്നോടിയായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാന സംസാരിച്ചതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തന്റെ 19ാം വയസിന് ശേഷം ദേശീയ ടീമില്‍ പോലും തന്നെ എടുത്തില്ലെന്നും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എന്നെ വിളിച്ചതെന്നും പതിരാന പറഞ്ഞു. ചെന്നൈയ്‌ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കുവെക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണെന്നും താരം തൂട്ടിച്ചേര്‍ത്തു.

‘എന്റെ 19ാം വയസിന് ശേഷം ദേശീയ ടീമില്‍ ഞാന്‍ എത്തിയില്ല. സി.എസ്.കെയിലെ അരങ്ങേറ്റത്തിന് ശേഷമാണ്‌ ഞാന്‍ ദേശീയ ടീമിനായി കളിച്ചത്. സി.എസ്.കെയ്ക്കായി കളിക്കുന്നത് ദൈവത്തിന്റെ സമ്മാനമാണ്, എം.എസ്. ധോണിയ്‌ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടുന്നത് എനിക്ക് വളരെ സവിശേഷമാണ്,’ താരം പറഞ്ഞു.

പുതിയ പരിശീലകന്റെ കീഴില്‍ ഒരു പുതിയ കോമ്പിനേഷനില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല എന്നാണ് പതിരാനാ വിശ്വസിക്കുന്നത്. വരാനിരിക്കുന്ന പരമ്പരയില്‍ ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് വലിയ കാര്യമായിരിക്കുമെന്ന് 21-കാരന്‍ കരുതുന്നു.

‘പുതിയ പരിശീലകനും പുതിയ കളിക്കാരുമായിട്ടാണ് ഇന്ത്യ വരുന്നത്. അത് നമുക്ക് നല്ലൊരു വെല്ലുവിളിയായിരിക്കും. ഞങ്ങള്‍ക്കും മികച്ച ടീമുണ്ട്, ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍, അത് ഞങ്ങള്‍ക്ക് വളരെ വലുതായിരിക്കും. ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പതിരാന സ്പോര്‍ട്‌സ് സ്റ്റാറില്‍ പറഞ്ഞു.

ശ്രീലങ്കയ്ക്ക് വേണ്ടി ടി-20 ഫോര്‍മാറ്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4/24 എന്ന മികച്ച ബൗളിങ് ഫിഗറും താരത്തിനുണ്ട്. ഏകദിനത്തില്‍ 12 മത്സരങ്ങള്‍ കളിച്ച താരം 17 വിക്കറ്റുകള്‍ നേടിയപ്പോള്‍ 4/35 എന്ന ബൗളിങ് ഫിഗറും നേടിയിട്ടുണ്ട്.

മാത്രമല്ല ഐ.പി.എല്ലില്‍ പതിരാന ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ ആറു മത്സരങ്ങള്‍ കളിച്ച് 13 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. മികച്ച പേസ് അറ്റാക്കുമാണ് താരം നടത്തിയത്. 150 കിലോമീറ്റര്‍ വേഗത എതിരാളിക്ക് നേരെ തന്റെ തീപാറും ബൗളിങ് പതിരീനയുടെ പ്രത്യേകതയാണ്.

Content Highlight: Matheesha Pathirana Talking About CSK

We use cookies to give you the best possible experience. Learn more