| Saturday, 27th July 2024, 3:02 pm

ചെന്നൈയില്‍ എന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ഉറപ്പില്ല, എന്നാല്‍ മറ്റൊരു കാര്യം തീര്‍ച്ചയാണ്; വമ്പന്‍ പ്രസ്താവനയുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായി 2024 ഐ.പി.എല്ലിനെത്തിയെങ്കിലും പ്ലേ ഓഫ് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്താകാനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിധി. അവസാന നിമിഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കത്തിക്കയറിയപ്പോള്‍ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ കണ്‍മുമ്പില്‍ തകര്‍ന്നുവീഴുകയായിരുന്നു.

14 മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ അഞ്ചാം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ് ഫിനിഷ് ചെയ്തത്. സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സും അടക്കം നാല് ടീമുകള്‍ക്ക് 14 മത്സരത്തില്‍ നിന്നും 14 പോയിന്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വിരാടും ഫാഫും പ്ലേ ഓഫില്‍ പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും കിരീടം നേടുമെന്ന് പറയുകയാണ് ശ്രീലങ്കന്‍ പേസറും ‘ധോണി അക്കാദമി’ പ്രൊഡക്ടുമായ മതീശ പതിരാന. അടുത്ത വര്‍ഷം താന്‍ ടീമിനൊപ്പമുണ്ടാകുമോ എന്ന് പറയാനാകില്ലെങ്കിലും ടീം ഉറപ്പായും കിരീടം നേടുമെന്നാണ് പതിരാന പറഞ്ഞത്.

ഒരു ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അടുത്ത സീസണില്‍ ഞാന്‍ ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല, പക്ഷേ ഞാന്‍ ടീമിനൊപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ ഐ.പി.എല്‍ 2025 ചാമ്പ്യന്‍മാരാകും,’ പതിരാന പറഞ്ഞു.

2022ലാണ് താരം ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു താരത്തിന്റെ യാത്ര ആരംഭിച്ചത്.

ആദ്യ സീസണില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് പതിരാനക്ക് കളിക്കാന്‍ സാധിച്ചത്. 26.00 ശരാശരിയിലും 7.61 എക്കോണമിയില്‍ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി.

അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും താരത്തിനായി. 12 മത്സരത്തില്‍ നിന്നും 19 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 19.53 ശരാശരിയിലും 8.01 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിഞ്ഞത്.

2024ല്‍ കളിച്ച ആറ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് പതിരാന സ്വന്തമാക്കിയത്.

അടുത്ത സീസണ് മുമ്പില്‍ താരലേലവും നടക്കും. താരത്തെ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Matheesha Pathirana says Chennai Super Kings will 2025 IPL

We use cookies to give you the best possible experience. Learn more