|

ധോണിയുടെ വജ്രായുധത്തിന് ഇന്ന് അരങ്ങേറ്റം; കിരീടനേട്ടത്തിന് പിന്നാലെ അഫ്ഗാനെ എറിഞ്ഞിടാന്‍ അവനിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച് ഐ.പി.എല്‍ സെന്‍സേഷന്‍ മതീശ പതിരാന. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണ് പതിരാന ശ്രീലങ്കന്‍ നാഷണല്‍ ജേഴ്‌സിയിലെത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐ.പി.എല്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് പതിരാനയുടെ അരങ്ങേറ്റമെന്നതും ശ്രദ്ധയമാണ്. ചെന്നൈ സ്‌ക്വാഡില്‍ നിന്നും മലിംഗയുടെ പിന്‍ഗാമിയെ കണ്ടെത്തിയാണ് ധോണി ബൗളിങ് യൂണിറ്റിലെ പോരായ്മകള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കണ്ടെത്തിയത്.

ഡെത്ത് ഓവറുകളില്‍ മഞ്ഞപ്പടയുടെ ആക്രമണത്തിലെ കുന്തമുനയായ പതിരാന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടനേട്ടത്തിലും സുപ്രധാന പങ്കുവഹിച്ചിരുന്നു. ഐ.പി.എല്ലിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി അണ്‍ ഓര്‍ത്തഡോക്‌സ് പേസര്‍ സ്വന്തമാക്കിയത്.

പതിരാനക്ക് പുറമെ മറ്റൊരു യുവതാരമായ ദുഷാന്‍ ഹേമന്തയും തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

മൂന്ന് ഏകദിനങ്ങളാണ് അഫ്ഗാന്റെ ലങ്കന്‍ പര്യടനത്തിലുള്ളത്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദി എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഓപ്പണര്‍ ദിമുത് കരുണരത്‌നയെ തുടക്കത്തിലേ ലങ്കക്ക് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെ ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ റഹ്‌മത് ഷായ്ക്ക് ക്യാച്ച് നല്‍കിയാണ് കരുണരത്‌നെ പുറത്തായത്. ആറ് പന്തില്‍ നിന്നും നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

കരുണരത്‌നെക്ക് പുറമെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിനെയും ഫസലാഖ് മടക്കിയിരുന്നു. 17 പന്തില്‍ നിന്നും 11 റണ്‍സുമായാണ് മെന്‍ഡിസ് മടങ്ങിയത്.

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 44 റണ്‍സിന് രണ്ട് എന്ന നിലയിലാണ് ലങ്ക. 30 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ പാതും നിസങ്കയും ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.

ശ്രീലങ്ക ഇലവന്‍

പാതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഏയ്ഞ്ചലോ മാത്യൂസ്, ചരിത് അസലങ്ക, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ, ദുഷാന്‍ ഹേമന്ത, കാസുന്‍ രജിത, ലാഹിരു കുമാര, മതീശ പതിരാന.

അഫ്ഗാനിസ്ഥാന്‍ ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, നജിബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമറാസി, മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസലാഖ് ഫാറൂഖി, ഫരീദ് അഹമ്മദ്.

Content Highlight: Matheesha Pathirana makes his ODI debut