ചിറ്റാര്‍: ചിറ്റാര്‍ സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ആര്‍. പ്രദീപ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മത്തായിയുടെ കേസില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് പ്രദീപ് കുമാര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇദ്ദേഹം പറഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി മൊഴി നല്‍കിയ മത്തായിയുടെ സുഹൃത്ത് എന്ന് അവകാശപ്പെട്ട ആള്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇയാള്‍ക്ക് മത്തായിയുമായി ഒരു ദിവസത്തെ പരിചയം മാത്രമാണ് ഉള്ളത്. ഏത് സാഹചര്യത്തിലാണ് ഇദ്ദേഹം മത്തായിയുടെ സുഹൃത്താണെന്ന് അവകാശപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി മൊഴി നല്‍കിയെന്ന കാര്യമുള്‍പ്പെടെയാണ് പരിശോധിക്കുക.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒരു സാക്ഷിയാണ് അരുണ്‍ എന്ന വ്യക്തിയെന്ന സൂചനയും അന്വേഷണ ഉദ്യോസ്ഥര്‍ നല്‍കുന്നുണ്ട്. മാത്രമല്ല ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ മൊഴിയിലും വൈരുദ്ധ്യമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരു ദിവസത്തെ പരിചയം മാത്രമേ തനിക്ക് മത്തായിയുമായി ഉള്ളുവെന്ന് ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ മത്തായിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന നിലപാടായിരുന്നു കുടുംബം സ്വീകരിച്ചത്. കസ്റ്റഡിയില്‍ ഉള്ള ആളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്നും അന്വേഷണത്തില്‍ വീഴ്ച വന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ രക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക