| Friday, 21st August 2020, 2:11 pm

മത്തായിയുടെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടു; എന്തുകൊണ്ട് ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തില്ലെന്ന് സര്‍ക്കാരിനോട് കോടതി; മൃതദേഹം സംസ്‌ക്കരിക്കാനും നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പത്തനംതിട്ട ചിറ്റാറില്‍ മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മത്തായിയുടെ മരണം അടിയന്തരമായി സി.ബി.ഐക്ക് കൈമാറാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം സി.ബി.ഐക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം എന്തുകൊണ്ടാണ് മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തതെന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. നിങ്ങളുടെ കുട്ടികളടക്കം അടക്കം ഇത് കാണുന്നതല്ലേ എന്നു ചോദിച്ച കോടതി മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.

ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും നിരവധിപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മത്തായിയുടെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒപ്പുവെച്ചിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ അടുത്ത ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം

പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നു പറഞ്ഞ മത്തായിയുടെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: mathayi’s custody death handed over to cbi

Latest Stories

We use cookies to give you the best possible experience. Learn more