| Wednesday, 11th January 2023, 8:26 am

ജീവന് ഭീഷണി, പൊലീസ് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്; മാതാ പേരാമ്പ്ര ഡയറക്ടര്‍ കനകദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണം വിവാദമായതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി മാതാ പേരാമ്പ്ര കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്.

മതസ്പര്‍ധയും വെറുപ്പും വളര്‍ത്തുന്ന തരത്തിലുള്ള ചിത്രീകരണമെന്ന് വിമര്‍ശനമുള്ള സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തെ ന്യായീകരിച്ച കനകദാസ് മന്ത്രി മുഹമ്മദ് റിയാസാണ് വിഷയം വിവാദമാക്കിയതെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

താന്‍ സംഘപരിവാറുകാരനല്ലെന്നും അതിനേക്കാള്‍ ബന്ധം സി.പി.ഐ.എമ്മുമായി ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘രണ്ടാം ഘട്ടം ഇതുമായി ബന്ധപ്പെട്ടുവന്ന ചര്‍ച്ചകള്‍ യാദൃശ്ചികമല്ല. സത്യത്തില്‍ ഭയം തോന്നുന്നു. എന്താണിതിന്റെ കാരണം. എന്താണ് അവരുടെ ടാര്‍ഗറ്റ്, ആരാണ് ഇതിന് പിന്നില്‍. ഇതാണ് ഞങ്ങളുടെ വിഷയം. ഭീഷണിയുണ്ട്. പൊലീസ് പറയുന്നത് നന്നായി ശ്രദ്ധിക്കണം എന്നാണ്. അതിനര്‍ത്ഥം ഊഹിക്കാവുന്നതേയുള്ളു.

കലാ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്. എല്ലാ പാര്‍ട്ടിക്കുവേണ്ടിയും പ്രോഗ്രാം ചെയ്തയാളാണ് ഞാന്‍. സംഘപരിവാറിനേക്കാള്‍ എനിക്കടുപ്പം സി.പി.ഐ.എം നേതാക്കളോടാണ്. സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഞാന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സംഘി ബന്ധം ഇന്ന് ആരോപിക്കുന്നതില്‍ ദുരൂഹതയുണ്ട്,’ കനകദാസ് പറഞ്ഞു

ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് കഴഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെ നൂറ് ശതമാനം സ്വീകരിക്കുന്നുവെന്നും കനകദാസ് കൂട്ടിച്ചേര്‍ത്തു.

ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. സംഭവം വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ.എം ഗൗരവത്തോടെ കാണുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സി.പി.ഐ.എം വിമര്‍ശനമുന്നയിച്ചിരുന്നു.

Content Highlight: Matha Perampra Kala Kendra Director Kanakadas Alleged Threat to Life After Controversy Over Screening of Welcome Song at State School Arts Festival

We use cookies to give you the best possible experience. Learn more