| Thursday, 20th February 2014, 12:30 pm

കാരുണ്യം മറന്നൊരമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നേരിയ മനോവിഭ്രാന്തിയുള്ള ഒരു യുവാവിനെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ക്രിമിനലുകളും പോലീസിലെ തണ്ടുതപ്പികളും മാനസികാരോഗ്യകേന്ദ്രത്തിലെ പമ്പരവിഡ്ഢികളുമൊക്കെ ചേര്‍ന്ന് കൊലചെയ്തു

2012 ആഗസ്റ്റ് 23ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്.


എസ്സേയ്‌സ്/കെ.എസ്. ഹരിഹരന്‍


[share]കേരളത്തില്‍ സമീപകാലത്ത് അധികമൊന്നും ചര്‍ച്ചചെയ്യപ്പെടാതെ പോയ ദാരുണമായ കൊലപാതകമാണ് ബിഹാര്‍സ്വദേശിയായ സത്‌നാം സിങ്ങിന്റേത്. ഇരുപത്തിനാലുകാരനായ വിദ്യാസമ്പന്നനായ ആ യുവാവിനെ അമൃതാന്ദമയിയുടെ ആശ്രമത്തില്‍ നിന്നാരംഭിച്ച മര്‍ദ്ദനങ്ങളുടെ ഒടുവില്‍ പേരൂര്‍ക്കടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. []

കഴുത്തിലും തലച്ചോറിലുമേറ്റ എഴുപതോളം മുറിവുകളാണ് സത്‌നാം സിങ്ങിന്റെ മരണത്തിനിടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്ത സത്‌നാം സിങ്ങിനെ കൊല്ലം ജയിലിലും തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലും പാര്‍പ്പിച്ചു. ഒരു മനോരോഗിക്കു നല്‍കേണ്ട പരിഗണനപോലും ഈ യുവാവിന് ലഭിച്ചില്ല എന്നതു വ്യക്തം.

ബീഹാറില്‍ ശ്രീബുദ്ധന് ബോധോദയമുണ്ടായ ഗയയില്‍ നിന്നാണ് സത്‌നാം സിങ്ങിന്റെ വരവ്. നിയമവിദ്യാര്‍ത്ഥിയായ ആ ചെറുപ്പക്കാരന്‍ ആത്മീയാന്വേഷണത്തിന്റെ ഒടുവിലാണ് വള്ളിക്കാവിലെത്തിയത്. അതിനുമുമ്പ് മുനിനാരായണ പ്രസാദിന്റെ ഗുരുകുലത്തില്‍ കുറച്ചുദിവസം താമസിച്ചിരുന്നു. അവിടത്തെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ മുഴുവന്‍ അരിച്ചുപെറുക്കി പഠിച്ച ഈ യുവാവ് അവിടെ സംഘടിപ്പിച്ച ദാര്‍ശനികസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യു.ആര്‍ അനന്തമൂര്‍ത്തിയോട് തത്വചിന്ത സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച കാര്യം മുനിനാരായണപ്രസാദ് ഓര്‍മ്മിക്കുന്നുണ്ട്.

ബീഹാറില്‍ ശ്രീബുദ്ധന് ബോധോദയമുണ്ടായ ഗയയില്‍ നിന്നാണ് സത്‌നാം സിങ്ങിന്റെ വരവ്. നിയമവിദ്യാര്‍ത്ഥിയായ ആ ചെറുപ്പക്കാരന്‍ ആത്മീയാന്വേഷണത്തിന്റെ ഒടുവിലാണ് വള്ളിക്കാവിലെത്തിയത്.

സത്‌നാം സിങ്

നേരിയ മനോവിഭ്രാന്തിയുള്ള ഒരു യുവാവിനെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ക്രിമിനലുകളും പോലീസിലെ തണ്ടുതപ്പികളും മാനസികാരോഗ്യകേന്ദ്രത്തിലെ പമ്പരവിഡ്ഢികളുമൊക്കെ ചേര്‍ന്ന് കൊലചെയ്തുവെന്ന് ഈ സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അമൃതാനന്ദമയിയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് പ്രചരിപ്പിച്ചായിരുന്നു സത്‌നാം സിങ്ങിനെ ആശ്രമത്തിലെ ഗുണ്ടകള്‍ കൈയും കാലും ബന്ധിച്ച് മര്‍ദ്ദിച്ച് അവശനാക്കിയത്.

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍നിന്നാണ് സത്‌നാം സിങ്ങിന് മര്‍ദ്ദനമേല്‍ക്കുന്നത്. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്ന പോലീസിന് ആശ്രമത്തില്‍ സത്‌നാം സിങ്ങിനെ മര്‍ദ്ദിച്ചവരെ ചോദ്യം ചെയ്യാനോ കേസില്‍ പ്രതികളാക്കാനോ താല്‍പര്യമില്ല.

കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് പതിനെട്ടുമണിക്കൂറിനുശേഷമാണ് ഈ യുവാവിനെ മജിസ്‌ട്രേറ്റിനുമുമ്പില്‍ ഹാജരാക്കിയത്. തുടര്‍ന്ന് രാത്രി 11 മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിലും പിറ്റേന്നുപുലര്‍ച്ചേ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അവിടെ മനോരോഗിയായ മറ്റൊരു യുവാവിനൊപ്പം സെല്ലിലടച്ച സത്‌നാം സിങ്ങിന് അയാളില്‍ നിന്നും ആശുപത്രിജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു എന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. അങ്ങനെ സത്‌നാം സിങ്ങിനെ എല്ലാവരും ചേര്‍ന്ന് തല്ലിക്കൊന്നു. എന്നാല്‍ ജില്ലാമെഡിക്കല്‍ ആപ്പീസറുടെ റിപ്പോര്‍ട്ടില്‍നിന്നും സത്‌നാം സിങ്ങിന്റേത് ഒരു സ്വാഭാവികമരണമാണെന്നാണ് സൂചിപ്പിക്കുന്നത്.

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍നിന്നാണ് സത്‌നാം സിങ്ങിന് മര്‍ദ്ദനമേല്‍ക്കുന്നത്. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്ന പോലീസിന് ആശ്രമത്തില്‍ സത്‌നാം സിങ്ങിനെ മര്‍ദ്ദിച്ചവരെ ചോദ്യം ചെയ്യാനോ കേസില്‍ പ്രതികളാക്കാനോ താല്‍പര്യമില്ല. വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ആദ്യമായി നടക്കുന്ന സംഭവമല്ല ഇത്. ഇത്തരം നിരവധി ദുരൂഹമരണങ്ങള്‍ അവിടെ നടന്നതായി മുമ്പുതന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശിയായിരുന്ന നാരായണന്‍കുട്ടിയുടെ ദുരൂഹമരണം വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയ കൊടുങ്കാറ്റുവിതച്ച സംഭവമായിരുന്നു.

രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുത്ത് അമ്മയും പരിവാരങ്ങളും ഇത്തരം സംഭവങ്ങളെ ഒതുക്കുകയാണ് പതിവ്. പക്ഷേ അമൃതാനന്ദമയിയേക്കാള്‍ സ്വാധീനമുണ്ടായിരുന്ന കാഞ്ചിശങ്കരാചാര്യര്‍ ഒരു കൊലക്കേസില്‍പ്പെട്ടപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളത്തിലെ ഭരണ-പ്രതിപക്ഷമുന്നണികള്‍ക്ക് മാതൃകയാവേണ്ടതാണ്. ആത്മീയനേതാവാണെന്ന പരിവേഷമൊന്നും കാഞ്ചി മഠാധിപതിയെ തുണച്ചില്ല. അത്തരമൊരു സമീപനം പ്രബുദ്ധകേരളത്തിലെ ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആത്മീയ വ്യവസായികളുടെ മുമ്പില്‍ മുട്ടുമടക്കി നിയമവ്യവസ്ഥയെക്കുറിച്ച് മറന്നപോകുന്നവര്‍ അമൃതാനന്ദമയി ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് അതീതയാണെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ആധുനികജനാധിപത്യസമൂഹത്തിന് യോജിച്ചതല്ല. സത്‌നാംസിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം വള്ളിക്കാവിലെ ആശ്രമത്തില്‍നിന്നുതന്നെ ആരംഭിച്ചേ മതിയാവൂ.

We use cookies to give you the best possible experience. Learn more