| Sunday, 30th April 2023, 10:26 am

'എക്കാലത്തെയും മികച്ച സമ്മര്‍ ട്രാന്‍സ്ഫറാണ് വരാനിരിക്കുന്നത്'; ബാഴ്‌സലോണ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി സ്‌പോര്‍ട്ടിങ് ഡിറക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിക്കാനാകുമ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതും നോക്കിയിരിക്കുകയാണ്. കറ്റാലന്‍ ക്ലബ്ബിനെ ത്രില്ലടിപ്പിക്കുന്ന ട്രാന്‍സ്ഫറിനെ കുറിച്ച് സൂചന നല്‍കുകയാണ് സ്‌പോര്‍ട്ടിങ് ഡിറക്ടര്‍ മതിയു അല്‍മാനിയിപ്പോള്‍. ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ രസകരമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ ഈ സീസണ്‍ അവസാനിക്കുമ്പോള്‍ താരങ്ങളുടെ കൂടുമാറ്റത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കാണാനാകും. ഒരു കാര്യം ഉറപ്പുനല്‍കാം, ബാഴ്‌സലോണയില്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്,’ അലേമാനി പറഞ്ഞു.

ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പി.എസ്.ജി പലതവണ താരത്തിന്റെ കോണ്‍ട്രാക്ട് എക്‌സറ്റന്റ് ചെയ്യാനുള്ള പേപ്പറുകള്‍ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോ വാഗ്ദാനം നല്‍കി താരത്തെ സൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ മെസി അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാന കാലഘട്ടമായതിനാല്‍ യൂറോപ്യന്‍ ക്ലബ്ബുകളിലൊന്നില്‍ കളിച്ച് വിരമിക്കാനാണ് താരം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതോടൊപ്പം എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക് ഡേവിഡ് ബെക്കാം മെസിയെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും മെസി വിഷയത്തില്‍ ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബെറ്റിസിന്റെ ജയം. ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സെന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, റോഡ്രിഗസ് എന്നിവരാണ് ബാഴ്സക്കായി ഗോളുകള്‍ നേടിയത്.

ലാ ലിഗയില്‍ ഇതുവരെ നടന്ന 32 മത്സരങ്ങളില്‍ 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 11 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് രണ്ടിന് ഒസാസുനക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlights: Mateu Alemany talking about Lionel Messi’s return to Barcelona

We use cookies to give you the best possible experience. Learn more