| Tuesday, 21st March 2023, 6:03 pm

റമദാൻ വ്രതം; പ്രീമിയർ ലീഗിൽ നോമ്പ് തുറക്കുമ്പോൾ കളി നിർത്താൻ അനുമതി ആവശ്യപ്പെട്ട് ലീഗ് അധികൃതർ

സ്പോര്‍ട്സ് ഡെസ്‌ക്

റമദാൻ മാസം ആരംഭിക്കാനിരിക്കെ മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ  അനുമതി ആവശ്യപ്പെട്ട് ലീഗ് അധികൃതർ.

മത്സരത്തിനിടയിൽ നോമ്പ് തുറക്കേണ്ട സമയമാവുമ്പോൾ നോമ്പ് എടുത്തിരിക്കുന്ന പ്ലെയേഴ്സിന് ഭക്ഷണം കഴിക്കാനാണ് മത്സരം നിർത്തിവെക്കാൻ പ്രീമിയർ ലീഗ് അധികൃതർ അനുമതി ചോദിച്ചിട്ടുള്ളത്.

റഫറിമാരുടെ സംഘടനയോടും ദ ഫുട്ബോൾ അസോസിയേഷൻ ആൻഡ് പി.ജി.എം.ഒ.എല്ലിനോടും (The Football Association and PGMOL (Professional Game Match Officials Ltd) പ്രീമിയർ ലീഗ് അധികൃതർ കളി നിർത്തിവെക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരാഞ്ഞിട്ടുണ്ടെന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൊഹമ്മദ്‌ സലാ, റിയാദ് മെഹ്റസ്, എംഗോളോ കാന്റെ മുതലായ സൂപ്പർ താരങ്ങളടക്കം നിരവധി പ്ലെയേഴ്സ് നോമ്പ് എടുത്തുകൊണ്ട് പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ടൂർണമെന്റിൽ നോമ്പ് തുറക്കുന്നതിന്റെ ഭാഗമായി മത്സരം നിർത്തിവെക്കാൻ അനുമതി ലഭിച്ചാൽ ഇത്തരം താരങ്ങൾക്ക് അത് വലിയ രീതിയിൽ സഹായകരമായിരിക്കുമെന്നാണ് പ്രീമിയർ ലീഗ് അധികൃതർ വിലയിരുത്തുന്നത്.

കൂടാതെ ഇത്തരത്തിൽ മത്സരം നിർത്തിവെക്കാൻ അവസരം ലഭിച്ചാൽ പ്രോട്ടീൻ സപ്ലിമെന്റ്സും ടാബ്ലെറ്റ്സും ഉപയോഗിച്ച് പ്ലെയേഴ്സ് നോമ്പ് തുറക്കുന്ന രീതിക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരം കാണാമെന്നും പ്രീമിയർ ലീഗ് അധികൃതർ വാദിക്കുന്നുണ്ട്.

അതേസമയം രണ്ട് വർഷം മുമ്പ് ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരത്തിൽ നോമ്പ് തുറക്കാനായി റഫറി സമയം അനുവദിച്ചിരുന്നു.

മത്സരത്തിന് മുമ്പ് ഇരു ടീമു കളും റഫറി ഗ്രഹാം സ്കോട്ടിനോട് ചർച്ച നടത്തിയതിന്റെ ഭാഗമായിട്ടാണ് ഫൊഫാനക്കും കൊയാട്ടക്കും വേണ്ടി അന്ന് മത്സരം നിർത്തിവെച്ചത്.

റമദാൻ വ്രതം എടുക്കുന്ന പ്ലെയേഴ്സിനെ പരിഗണിച്ച് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈകൊണ്ടതിന് പിന്നാലെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രീമിയർ ലീഗ് അധികൃതരെ തേടിയെത്തുന്നത്.

Content Highlights:Matches across England will be paused to let players break their fast during the month of Ramadan reports

We use cookies to give you the best possible experience. Learn more