3.3 ഓവറില്‍ 5 റണ്‍സ് വഴങ്ങി 5 വിക്കറ്റ്… ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വരിഞ്ഞുമുറുക്കിയ മധ്വാളിന്റെ തീപ്പൊരി ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ ആദ്യ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് തട്ടുപൊളിപ്പന്‍ ജയം. ഇന്നലെ മുംബൈക്കായി ആകാശ് മധ്വാള്‍ 3.3 ഓവറില്‍ 5 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.
ചെപ്പോക്കിലെ ആദ്യ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 16.3 ഓവറില്‍ 101 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായിരുന്നു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിനാണ് ദൈവത്തിന്റെ പോരാളികള്‍ തോല്‍പ്പിച്ചത്.
27 പന്തില്‍ 47 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ലക്‌നൗവിന്റെ ടോപ്പ് സ്‌കോറര്‍. സ്‌കോര്‍: മുംബൈ- 182/8 (20), ലഖ്നൗ- 101 (16.3). ചെന്നൈയുമായുള്ള കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിക്കാന്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പാണ്ഡ്യയുടെ ഗുജറാത്തിനെ നേരിടും.
മോശം തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. രണ്ടാം ഓവറില്‍ പ്രേരക് മങ്കദിനെ (3) മടക്കിയ ആകാശ് മധ്വാള്‍ മുംബൈക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. നാലാം ഓവറില്‍ നന്നായി തുടങ്ങിയ കെയില്‍ മയേഴ്‌സിനെ (18) ക്രിസ് ജോര്‍ഡന്‍ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. കൂറ്റന്‍ ഷോട്ടുകളുമായി മുംബൈയെ വിറപ്പിച്ച സ്റ്റോയിനിസ് അവര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍, ഒമ്പതാം ഓവറില്‍ ക്രുണാലിനെ (8) പുറത്താക്കിയ പീയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 46 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
പിന്നീടങ്ങോട്ടേക്ക് വിക്കറ്റ് പ്രളയമായിരുന്നു. ആയുഷ് ബദോനി (1), നിക്കോളാസ് പൂരാന്‍ (0) എന്നിവരെ ഒരു ഓവറില്‍ പവലിയനിലെത്തിച്ച മധ്വാള്‍ മുംബൈക്ക് മേല്‍ക്കൈ സമ്മാനിച്ചു. സ്റ്റോയിനിസ് (47), കൃഷ്ണപ്പ ഗൗതം (2), ദീപക് ഹൂഡ (15) എന്നിവര്‍ റണ്ണൗട്ടായിരുന്നു. ബിഷ്‌ണോയിക്ക് പിന്നാലെ മൊഹ്‌സിന്‍ ഖാന്റെ കുറ്റി പിഴുത മധ്വാള്‍ വിക്കറ്റ് വേട്ട അഞ്ചായി ഉയര്‍ത്തി.
content highlights: Match turning over from Akash Madhwal, mumbai win