മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പ് റാക്കറ്റുമായി ബന്ധപ്പെട്ട് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുംബൈയിലും ജയ്പൂരിലും റെയ്ഡ് നടത്തി. ഇതോടൊപ്പം ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കഴിഞ്ഞ ആഴ്ച്ച ഇ.ഡി നടത്തിയ പരിശോധനയില്‍ അഞ്ച് വാതുവെപ്പുകാര്‍ പിടിയിലായിരുന്നു.
പിടിക്കപ്പെട്ട അഞ്ച് പേരില്‍ അഹമ്മദാബാദില്‍ നിന്നുള്ള മൂന്ന് പേരില്‍ കിരണ്‍ ബാല, ടോമി പട്ടേല്‍ എന്നിവരും ദല്‍ഹിയില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ റിതോഷ് ബന്‍സല്‍ എന്നയാളും ഉള്‍പ്പെടുന്നു. കള്ളപ്പണം തടയല്‍ നിയമ (Prevention of Money Laundering Act)പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാത്ത നിയമമാണിത്.
ഈ സീസണിലെ പല മത്സരങ്ങളിലും വാതുവെപ്പ് നടന്നിട്ടുണ്ടെന്ന്് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സംശയിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഓരോ മത്സരങ്ങളിലും 600 കോടി രൂപയ്ക്കും 800 കോടി രൂപയ്ക്കും ഇടയില്‍ വാതുവെപ്പ് നടന്നിട്ടുണ്ടെന്നും ഇവര്‍ സംശയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഐ.പി.എല്‍ എട്ടാം സീസണ്‍ അവസാനത്തിലേക്കടുത്തിട്ടും ഇത് സ്ഥിരീകരിക്കാനും തെളിയിക്കാനും അധികൃതര്‍ക്കായിട്ടില്ല.