| Wednesday, 11th December 2024, 7:32 pm

മാടായി കോളേജ് നിയമന വിവാദം; തെരുവില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മാടായി കോളേജ് നിയമന വിവാദത്തെ തുടര്‍ന്ന് തമ്മിലടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എം.കെ. രാഘവന്‍ എം.പിയെ അനുകൂലിക്കുന്നവരും അല്ലാത്തവരുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും
പഴയങ്ങാടിയില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു.

എം.കെ. രാഘവന്‍ എം.പിയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പഴയങ്ങാടിയില്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

അനുകൂലികള്‍ പ്രകടനം നടത്താനിരിക്കെ എതിര്‍ത്തുകൊണ്ട് എം.കെ. രാഘവനെ എതിര്‍ക്കുന്ന പ്രാദേശിക നേതാക്കളുള്‍പ്പെടെ രംഗത്തെത്തുകയും പിന്നാലെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.

നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.കെ. രാഘവനെ വഴി തടഞ്ഞതിന് നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളും എം.കെ രാഘവന്‍ അനുകൂലകളും തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്.

പഴയങ്ങാടി പഴയ പഞ്ചായത്തിന് മുന്നില്‍വെച്ച് സംഘര്‍ഷമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയുമായിരുന്നു.

അതേസമയം തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് കാണിച്ച് എം.കെ. രാഘവന്‍ എം.പി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച പോസ്റ്റില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നിയമനം നല്‍കാന്‍ കഴിയൂ എന്നും മാനദണ്ഡം അനുരിച്ച് നിയമനം നല്‍കുമ്പോള്‍ രാഷ്ട്രീയം നോക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാടായി കോളേജില്‍ ഭരണസമിതി ചെയര്‍മാനായ എം.കെ. രാഘവന്‍ കോഴ വാങ്ങി സി.പി.ഐ.എം പ്രവര്‍ത്തകന് തസ്തികയിലേക്ക് നിയമനം നടത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

പിന്നാലെ മാടായി കോളേജ് സന്ദര്‍ശിച്ച എം.കെ. രാഘവന്‍ എം.പിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ഇവര്‍ സസ്പെന്‍ഷന്‍ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു.

അര്‍ഹരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കണമെന്ന് കാണിച്ച് കല്യാശ്ശേരി -പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നുവെന്നും ഇത് പരിഗണിക്കാതെ നിയമനം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Matai College Recruitment Controversy; Congress workers clashed in the street

We use cookies to give you the best possible experience. Learn more