ന്യൂദല്‍ഹി: മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് എം.കെ രാഘവന്‍ എം.പി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിയത്.
നാല് അനധ്യാപക തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കാനുള്ളത്. നാല് പോസ്റ്റുകളിലേക്കും സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലുള്ള യോഗ്യതയുടെഅടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍വ്യൂ നടത്തുന്നത് താനല്ലെന്നും ജോയിന്റ് സെക്രട്ടറിക്ക് കീഴിലുള്ള ആളാണ് നിയമനം നടത്തുന്നതെന്നും എം.പി പറഞ്ഞു.
‘നാല് തസ്തികകളിലായി 83 ഓളം അപേക്ഷകള്‍ ലഭിച്ചുവെന്നും ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവാണ് ഉണ്ടായിരുന്നത്. ഇതില്‍ 59 പേര്‍ അപേക്ഷിച്ചു.
ഓഫീസ് അറ്റന്റഡന്റ് പോസ്റ്റിലെ ഒരു ഒഴിവിലേക്ക് എട്ട് പേര്‍ അപേക്ഷിക്കുകയും ഏഴ് പേര്‍ ഹാജരാവുകയും ചെയ്തു. ഇത് ഭിന്നശേഷിക്കാര്‍ക്കുള്ള പോസ്റ്റ് ആണ്. അതിനാല്‍ തന്നെ ആദ്യ പരിഗണന നല്‍കേണ്ടത് കാഴ്ച പരിമിതര്‍ക്കാണ്, അങ്ങനെ ഒരാള്‍ ഇല്ലാത്തതിനാല്‍ മാനദണ്ഡം അനുസരിച്ച് കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് നല്‍കണം.
മാനദണ്ഡം അനുസരിച്ചേ നിയമനം നല്‍കാനാവൂ. രാഷ്ട്രീയം നോക്കാന്‍ കഴിയില്ല. ഈ പോസ്റ്റിലാണ് വിവാദമുണ്ടായത്. മാനദണ്ഡമനുസരിച്ച് ഇയാള്‍ക്ക് നിയമനം നല്‍കിയില്ലെങ്കില്‍ അദ്ദേഹം കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാവും, ‘എം.കെ. രാഘവന്‍ എം.പി പറഞ്ഞു.
നിലവില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കോളേജിനെ മനപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണെന്നും നിയമന വ്യവസ്ഥ പ്രകാരം ജോലി നല്‍കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല, തന്നെ ഇല്ലാതാക്കാന്‍ എന്ത് ശ്രമം നടത്തിയാലും അതിന് കഴിയില്ലെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എടുത്ത നടപടി തെറ്റാണെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight: Matai College Recruitment; Baseless allegations leveled against him: M.K. Raghavan