എ.ടി.പി ടൂര്‍ ടെന്നിസ്: ദ്യോകോവിച്ചിന് കിരീടം, ഭൂപതി സഖ്യത്തിന് തോല്‍വി
DSport
എ.ടി.പി ടൂര്‍ ടെന്നിസ്: ദ്യോകോവിച്ചിന് കിരീടം, ഭൂപതി സഖ്യത്തിന് തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2012, 9:34 am

ലണ്ടന്‍ : തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എ.ടി.പി ടൂര്‍ ടെന്നിസ് ഫൈനല്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററെ ഫൈനലില്‍ കീഴടക്കിയായിരുന്നു ദ്യോക്കോവിച്ചിന്റെ കിരീട നേട്ടം.

സ്‌കോര്‍ : 7-6-7-5. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് മല്‍സരത്തിനിറങ്ങിയ ഫെഡററെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കീഴടക്കിയ ദ്യോക്കോവിച്ച് രണ്ടാം സെറ്റിലും കടുത്ത പോരാട്ടത്തിനൊടുവില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.[]

സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

ഫെഡററും ദ്യോക്കോവിച്ചും ഇതിനു മുമ്പ് ഏറ്റുമുട്ടിയ 28 മല്‍സരങ്ങളില്‍ 16 എണ്ണത്തിലും ജയം സ്വിസ് താരത്തിനായിരുന്നു. ദ്യോക്കോവിച്ചിന്റെ രണ്ടാം എ.ടി.പി കിരീടമാണിത്.

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയായ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയ്ക്കും ഫൈനലില്‍ അടിപതറി. സ്പാനിഷ് ജോഡിയായ മാര്‍സല്‍ ഗ്രനോളേഴ്‌സും മാര്‍ക് ലോപസുമാണ് ഇവരെ തോല്‍പിച്ചത്.

സ്‌കോര്‍: 5-7, 6-3, 3-10. മത്സരം ഒരു മണിക്കൂറും 30 മിനിറ്റും നീണ്ടുനിന്നു. ഇത് അഞ്ചാം തവണയാണ് ഭൂപതി ടൂര്‍ണമെന്റില്‍ റണ്ണറപ്പാവുന്നത്.1997, 99, 2000 വര്‍ഷങ്ങളില്‍ ലിയാണ്ടര്‍ പെയ്‌സിനും 2010ല്‍ മാക്‌സ് മിര്‍നിക്കുമൊപ്പമാണ് ഭൂപതി ഇവിടെ ഫൈനലില്‍ തോറ്റത്.

പെയ്‌സ് സഖ്യത്തെ സെമിയില്‍ തോല്‍പിച്ചാണ് ഭൂപതിയും ബൊപ്പണ്ണയും ഇത്തവണ ഫൈനലിന് അര്‍ഹത നേടിയത്. തുടക്കത്തില്‍ മേധാവിത്വം പുര്‍ത്തിയ ഫെഡററര്‍ക്കെതിരെ ഉജ്വലമായി തിരിച്ചുവന്നാണ് ദ്യോകോവിച്ച് വിജയം സ്വന്തമാക്കിയത്.