| Monday, 15th January 2024, 5:28 pm

'ഫിലിം മേക്കിങ്ങിലെ മാസ്റ്റര്‍ക്ലാസ്' 12th ഫെയിലിനെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 12th ഫെയില്‍. ചമ്പല്‍ എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് യു.പി.എസ്.സി പരീക്ഷ പാസാവുക എന്ന ലക്ഷ്യവുമായി ദല്‍ഹിയില്‍ എത്തുന്ന മനോജ് കുമാര്‍ തന്റെ പരിശ്രമങ്ങളിലൂടെ സിവില്‍ സര്‍വീസ് പാസാവുന്നതാണ് ചിത്രത്തിന്റെ കഥ.

വിക്രാന്ത് മാസെയാണ് മനോജ് കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിക്രാന്ത് മാസെയുടെ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈയിടെ ഇറങ്ങിയ ഏറ്റവും മികച്ച ബോളിവുഡ് സിനിമ എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞ ചിത്രം കൂടിയാണ് 12th ഫെയില്‍.

നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ ചിത്രം കണ്ട ശേഷം ഹൃത്വിക് റോഷന്‍ ഫിലിം മേക്കിങ്ങിലെ ‘മാസ്റ്റര്‍ക്ലാസ്’ ആണ് 12th ഫെയിലെന്നാണ് പറയുന്നത്.

‘ഒടുവില്‍ 12th ഫെയില്‍ കണ്ടു. ഫിലിം മേക്കിങ്ങില്‍ ഇത് തികച്ചും ഒരു മാസ്റ്റര്‍ ക്ലാസ് തന്നെയാണ്. എല്ലാത്തിനും ഉപരിയായി ചിത്രത്തിലെ ഓരോ നിമിഷങ്ങളും മെച്ചപ്പെടുത്തുന്നതിന് സൗണ്ടിന്റെയും സൗണ്ട് എഫക്റ്റിന്റെയും ഉപയോഗത്തില്‍ നിന്ന് ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടു.

ബ്രില്ല്യന്റ് പെര്‍ഫോമന്‍സുകള്‍. മിസ്റ്റര്‍ ചോപ്ര, എന്തൊരു സിനിമ! ഈ ചിത്രത്തിന് നന്ദി. ഇതില്‍ നിന്ന് ഞാന്‍ ആഴത്തില്‍ പ്രചോദിതനാണ്,’ ഹൃത്വിക് റോഷന്‍ തന്റെ എക്‌സില്‍ പറഞ്ഞു.

നേരത്തെ, ചിത്രത്തെ കുറിച്ച് രോഹിത് ഷെട്ടി, അനുരാഗ് കശ്യപ്, റാണി മുഖര്‍ജി, ജാന്‍വി കപൂര്‍, കത്രീന കൈഫ് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൃത്വിക് റോഷനും ചിത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവെക്കുന്നത്.

Content Highlight: masterclass in film making; Hrithik Roshan praises 12th Fail Movie

We use cookies to give you the best possible experience. Learn more