| Saturday, 28th November 2020, 7:06 pm

'മാസ്റ്റര്‍' തിയേറ്റര്‍ റിലീസ് തന്നെ; സ്ഥിരീകരണവുമായി നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ദളപതി വിജയിയുടെ വരാനിരിക്കുന്ന സിനിമ മാസ്റ്റര്‍ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിര്‍മാതാക്കള്‍. സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് കാത്തിരിക്കുന്നതെന്ന് എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചു.

ഒ.ടി.ടി റിലീസിനായി തങ്ങളെ ചില പ്ലാറ്റ്‌ഫോമുകള്‍ ബന്ധപ്പെട്ടിരുന്നെന്നും നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ ചിത്രം നെറ്റ്ഫ്ളിക്സിന് നല്‍കിയെന്നും ഒ.ടി.ടി റിലീസ് ആയിരിക്കും ചിത്രമെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Master Vijay Lokesh Kanakaraj OTT Release XB Film Creators

We use cookies to give you the best possible experience. Learn more