| Tuesday, 17th May 2022, 1:21 pm

എന്നെ എവിടെ നിന്ന് കിട്ടി എന്ന് മമ്മൂക്ക റത്തീന ആന്റിയോട് ചോദിച്ചിരുന്നു: വസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പുഴു വലിയ വിജയത്തിലേക്ക് അടുക്കുകയാണ്. നെഗറ്റീവ് ഷേഡില്‍ മമ്മൂട്ടി എത്തിയ ചിത്രം പല ലെയറുകളായി ആളുകള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് അപ്പുണ്ണി ശശി എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കിച്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മാസ്റ്റര്‍ വസുദേവ് ആയിരുന്നു. വലിയ അഭിനന്ദനമാണ് വസുദേവിന്റെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പലപ്പോഴും മമ്മൂട്ടിക്കൊപ്പം നിന്ന് മത്സരിച്ചഭിനയിക്കുകയായിരുന്നു വസുദേവ്. പുഴുവിനെ കുറിച്ചും മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വസുദേവ്.

മമ്മൂക്കയുമായി ഒരു കോമ്പറ്റീഷന്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നും മമ്മൂക്കയുടെ അത്ര അങ്ങോട്ട് നമ്മള്‍ എത്തില്ലല്ലോ എന്നുമായിരുന്നു വസുദേവിന്റെ മറുപടി. എങ്കിലും തന്നെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും വസുദേവ് പറഞ്ഞു.

നീ എന്നോട് മത്സരിക്കുവാണോ എന്ന് മമ്മൂക്ക ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് പുഴു റിലീസായ ശേഷം ഇവനെ എവിടെ നിന്ന് കിട്ടിയെന്ന് മമ്മൂക്ക റത്തീന ആന്റിയോട് ചോദിച്ചിരുന്നു എന്നായിരുന്നു വസുദേവിന്റെ മറുപടി.

ഞാന്‍ പണ്ട് മമ്മൂക്ക ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ പോലെ ഇമിറ്റേറ്റ് ചെയ്ത് ചില ഫോട്ടോസൊക്കെ ഇന്‍സ്റ്റഗ്രാമില്‍ ഇടുമായിരുന്നു. മമ്മൂക്കയെ അനുകരിച്ച് അതേപോലെ വസ്ത്രമൊക്കെ ധരിച്ച് മുടിയൊക്കെ ചീകി ചെയ്യാറുണ്ടായിരുന്നു. ‘എന്നെപ്പോലെ തന്നെ ഒരാളെയാണല്ലോ നിങ്ങള്‍ കണ്ടുപിടിച്ചത്’ എന്ന് മമ്മൂക്ക ചോദിക്കുമായിരുന്നു. മമ്മൂക്ക ഫോണ്‍ പിടിച്ച് കണ്ണാടി നോക്കുന്ന ഫോട്ടോയൊക്കെ ഞാനും ഇമിറ്റേറ്റ് ചെയ്തിരുന്നു, വസുദേവ് പറഞ്ഞു.

അച്ഛന്റെ സുഹൃത്ത് വഴിയാണ് പുഴുവിലെത്തിയത്. ഒഡീഷന്‍ വഴിയാണ് പുഴുവില്‍ എത്തിയത്. സിനിമയിലെ ഒരു സീന്‍ തന്നെ ഒഡീഷനില്‍ അവര്‍ ചെയ്യിച്ചിരുന്നു. പിന്നെ ടീച്ചറുമായുള്ള ഒരു സീനും ചെയ്യിച്ചിരുന്നു. ആ സീന്‍ സിനിമയില്‍ ഇല്ല.

സിനിമ കണ്ടപ്പോള്‍ നല്ല നടനാണ് ഞാന്‍ എന്ന് തോന്നിയോ എന്ന ചോദ്യത്തിന് തോന്നി എന്നായിരുന്നു ചിരിയോടെയുള്ള വസുദേവിന്റെ മറുപടി. പൃഥ്വി അങ്കിളും ലാലേട്ടനും ചെയ്യുന്നതുപോലെ ആക്ടിങ്ങും ഡയരക്ഷനുമൊക്കെ ഒരുമിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെന്നും സ്‌കൂളില്‍ നിന്നുള്ള എല്ലാ സപ്പോര്‍ട്ടും തനിക്ക് ഉണ്ടെന്നും അഭിമുഖത്തില്‍ വസുദേവ് പറഞ്ഞു.

പുഴുവില്‍ ചിരിക്കുന്ന ഒരു സീന്‍ പോലുമില്ലല്ലോ എന്ന ചോദ്യത്തിന് ഇങ്ങനെയുള്ള സീരിയസ് റോളുകള്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു വസുദേവിന്റെ മറുപടി. എല്ലായ്‌പ്പോഴും ചിരിച്ച് ജോളിയായി ഇരിക്കുന്ന ആളല്ല. രണ്ടും ഉണ്ട്, വസുദേവ് പറഞ്ഞു.

മമ്മൂക്ക ഇതുവരെ ആരോടും പറയാത്ത ഒരു രഹസ്യം വസുദേവിനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെയുണ്ടെന്നും മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാറിനെ കുറിച്ചാണ് അതെന്നും വസുദേവ് പറഞ്ഞു. പിന്നെ മറിയത്തെ കുറിച്ചും അദ്ദേഹം കുറേ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും വസുദേവ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actor Vasudev About Actor Mammootty Puzhu Movie and Location

We use cookies to give you the best possible experience. Learn more