ആമസോണ്‍ പ്രൈമിലെത്തിയ മാസ്റ്റര്‍ സിനിമയുടെ സബ്‌ടൈറ്റിലില്‍ ‘ഗവണ്‍മെന്റ്’ എന്ന വാക്ക് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. സിനിമയില്‍ വിജയ് കഥാപാത്രം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടത്തുന്ന ഡയലോഗിന്റെ സബ്‌ടൈറ്ററ്റിലില്‍ നിന്നാണ് സര്‍ക്കാര്‍ എന്ന പദം വെട്ടിമാറ്റിയിരിക്കുന്നത്. അതേസമയം ഡയലോഗില്‍ ആ ഭാഗത്തിന് ബീപ് സൗണ്ട് ഉപയോഗിച്ചിട്ടില്ല.
തിയേറ്ററുകളിലെത്തിയ മാസ്റ്ററിന്റെ കോപ്പിയില്‍ ഗവണ്‍മെന്റ് എന്ന വാക്ക് പലയിടങ്ങളിലും സെന്‍സര്‍ ചെയ്തിരുന്നു. ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ അണ്‍സെന്‍സേര്‍ഡ് വേര്‍ഷനാണ് എത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഈ അണ്‍സെന്‍സേര്‍ഡ് പതിപ്പിലും സര്‍ക്കാരിനെ വെട്ടിമാറ്റിയത് ആരുടെ തീരുമാനപ്രകാരമാണെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.
വിജയ് കഥാപാത്രം ക്ലാസില്‍ സംസാരിക്കുന്ന രംഗത്തിലാണ് സബ്‌ടൈറ്ററ്റിലില്‍ ഈ സെന്‍സറിംഗ് നടന്നിട്ടുള്ളത്. ഇംഗ്ലീഷില്‍ തന്നെയാണ് ഈ ഡയലോഗ്. The Government doesn’t listen to the people (ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്നില്ല) എന്നാണ് ഈ ഡയലോഗ്. ഇത് സബ്‌ടൈറ്റിലില്‍ The _______ doesn’t listen to the people എന്ന രീതിയിലാണ്.
തിയേറ്ററില്‍ ഈ ഭാഗം മ്യൂട്ട് ചെയ്തിരിക്കുകയായിരുന്നെന്നും ആമസോണ്‍ അത് ചെയ്തില്ലെന്ന് ആശ്വസിക്കാം എന്നാണ് സിനിമയുടെ ഭാഗം ഷെയര്‍ ചെയ്തുകൊണ്ട് ചിലര്‍ പറഞ്ഞത്. എന്തായാലും സര്‍ക്കാര്‍ പറയുന്നത് സിനിമാക്കാര്‍ കേള്‍ക്കും എന്നാണ് മറ്റൊരു കമന്റ്. സര്‍ക്കാര്‍ എല്ലാ വിമര്‍ശനത്തിനും മുകളിലാണെന്നാണോയെന്നും ചിലര്‍ ചോദിക്കുന്നു.
ഇംഗ്ലീഷിലുള്ള ഈ ഡയലോഗ് മ്യൂട്ട് ചെയ്യാതെ സബ്‌ടെറ്റിലില്‍ മാത്രം എഡിറ്റ് നടത്തുന്നത് ആമസോണ്‍ പ്രൈമിന്റെയും സിനിമാ അണിയറ പ്രവര്‍ത്തകരുടെയും ബുദ്ധിയാണെന്നും അതല്ല എല്ലാവരെയും ഒരുമിച്ച് തൃപ്തിപ്പെടുത്താനുള്ള പ്രഹസനമാണെന്നും കമന്റുകള്‍ വരുന്നുണ്ട്.
റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്.
130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ജനുവരി 13നാണ് റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.
കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍. വിജയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.
വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക