ഇരട്ടിയോളം ലാഭം തിയേറ്ററില്‍ നിന്ന് നേടി മാസ്റ്റര്‍; ആമസോണ്‍ പ്രൈം മുടക്കിയത് ഭീമമായ തുക
Entertainment
ഇരട്ടിയോളം ലാഭം തിയേറ്ററില്‍ നിന്ന് നേടി മാസ്റ്റര്‍; ആമസോണ്‍ പ്രൈം മുടക്കിയത് ഭീമമായ തുക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th January 2021, 8:20 am

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മാസ്റ്ററിന് ആമസോണ്‍ പ്രൈം മുടക്കിയത് ഭീമമായ തുക. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സിനായി തുടക്കത്തില്‍ 36 കോടിയാണ് ആമസോണ്‍ മുടക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്.

130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ജനുവരി 13നാണ് റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Master amazon prime video release amazon pays crores to buy the rights