| Saturday, 8th December 2018, 12:30 pm

ഗുരുതര സുരക്ഷാ വീഴ്ച; രാജസ്ഥാനില്‍ ബാലറ്റ് പെട്ടി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര സുരക്ഷാ വീഴ്ച. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് യൂണിറ്റ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഷഹബാദ് ഏരിയയിലാണ് ബാലറ്റ് യൂണിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിഷഗഞ്ച് അസംബ്ലി മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ഇത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വോട്ടിങ് മെഷീനില്‍ വലിയ തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നു; മോദിയും അമിത് ഷായും നാല് ദിവസവും; എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ്


കഴിഞ്ഞ ദിവസം ഇ.വി.എം അട്ടിമറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക നിഗൂഢ ശക്തിയുണ്ട് എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

നാല് സംസ്ഥാനങ്ങളിലെ പോളിംഗ് കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”” കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ്ങ് കഴിഞ്ഞ് ജാഗ്രത പാലിക്കണം. മധ്യപ്രദേശില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചത്””.

മധ്യപ്രദേശില്‍ ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിങ്ങ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് നിഗൂഢ ശക്തിയുണ്ട്- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്‌ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ സ്‌കൂള്‍ വാനില്‍ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

Latest Stories

We use cookies to give you the best possible experience. Learn more