സംബല്‍പൂര്‍: ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചതുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സംബല്‍പൂരില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ജില്ലയിലെ ഇന്റര്‍നെറ്റ് ബന്ധം താത്കാലികമായി വിച്ഛേദിച്ചത്. 48 മണിക്കൂറാണ് നിയന്ത്രണം. സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണമായതിനാലും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യമുള്ളതിനാലുമാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് അധികൃതരുടെ വാദം.
ജില്ലാ കളക്ടര്‍ അനന്യ ദാസ്, നോര്‍ത്ത് സെന്‍ട്രല്‍ റേഞ്ച് ഐ.ജി ബ്രിജേഷ് റേ, എസ്.പി ബി. ഗംഗാധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തിയത്. ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ബൈക്ക് റാലിക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.
ബൈക്ക് റാലിക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ആക്രമണത്തില്‍ കടകളും ഇരു ചക്രവാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. നിരവധി കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥലത്തെ ചില വീടുകളില്‍ നിന്ന് പെട്രോള്‍ ബോംബും വാളുകളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ധനുപാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. സംബല്‍പൂര്‍ ജില്ലയിലെ ധനുപാലി, ഖേത്രാജ്പൂര്‍, ഐന്തപാലി, ബറൈപാലി മേഖലകളില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി നടത്തുന്നതിനുള്ള ഉറപ്പ് അവരില്‍ നിന്ന് ലഭിച്ചതായും കളക്ടര്‍ പറഞ്ഞു.
സംബല്‍പൂരിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുള്ളതായി കരുതുന്നില്ലെന്നും അന്വേഷണം നടക്കുന്നതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് സൂപ്രണ്ട് ഗംഗാധര്‍ പറഞ്ഞു.
സംബല്‍പൂരില്‍ നടന്ന ആക്രമണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് തെളിവാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ബിജു ജനതാദള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രധാന്‍ ആരോപിച്ചു.
Content Highlights: Massive security arrangements in Odisha over Hanuman Jayanti celebration