ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വീണ്ടും വ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളില്‍ അതത് പൊലീസും ദൗത്യ സംഘവും നടത്തിയ റെയ്ഡില്‍ 200ലേറെ പി.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡുകളില്‍ നിരവധി രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. ദല്‍ഹിയിലെ പി.എഫ്.ഐ ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് ‘ഓപ്പറേഷന്‍ ഒക്ടോപ്പസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ ഇതുവരെ 75 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 40 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എന്‍.ഐ.എ മാത്രമായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. എന്നാലിപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സ്‌കോഡ് അടക്കമുള്ള ടീമാണ് പരിശോധന നടത്തുന്നത്. നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും കര്‍ണാടകയില്‍ റെയ്ഡ് നടക്കുന്നുണ്ട്.
യു.പിയിലെ മീററ്റ്, ബുലന്ദ്‌ഷെഹര്‍, സീതാപുര്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ട്. അസമിലും ദല്‍ഹിയിലും 12 പേരെ വീതവും കസ്റ്റഡിയിലെടുത്തു.
മഹാരാഷ്ട്രയില്‍ ആറ് പേരും ഗുജറാത്തില്‍ 12 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ മുതലാണ് മഹാരാഷ്ട്ര പൊലീസിലെ തീവ്രവാദ വിരുദ്ധസേന റെയ്ഡ് തുടങ്ങിയത്. ഗുജറാത്തില്‍ നാല് ജില്ലകളില്‍ നിന്നാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലും സംസ്ഥാന പൊലീസാണ് റെയ്ഡും അറസ്റ്റും നടത്തുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു.
Content Highlight: massive raid on centers associated with the Popular Front