ന്യൂദല്‍ഹി: ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേരുമാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു. കൊനസീമ ജില്ലയെ ബി.ആര്‍. അംബേദ്കര്‍ എന്ന് പുനര്‍നാമകരണം ചെയ്തതിനെ ചൊല്ലിയാണ് പ്രതിഷേധം.
അക്രമത്തില്‍ ഗതാഗത മന്ത്രി പിനിപ്പെ വിശ്വരൂപിന്റെ വീടിന് തീപിടിച്ചു. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജില്ലാ കളക്ടറുടെ ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് അമലപുരം ടൗണില്‍ തീപിടിത്തമുണ്ടായത്.
പോലീസ് വാഹനവും സ്‌കൂള്‍ ബസും കത്തിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.
അക്രമത്തില്‍ 20ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഏപ്രില്‍ 4 നാണ് പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കൊനസീമ ജില്ല രൂപീകരിച്ചത്.
കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ കൊനസീമയെ ബി.ആര്‍. അംബേദ്കര്‍ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി അറിയിച്ചു. ഇതിന് പിന്നാലെയാണ് അക്രമം.
Content Highlights: Massive protest over renaming of district in Andhra Pradesh