കോട്ടയം: ബഫര്‍സോണ്‍ ഭൂപടത്തിനെതിരെ കോട്ടയം എരുമേലിയില്‍ വന്‍ പ്രതിഷേധം. ജനവാസ മേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം. എരുമേലിയിലെ എയ്ഞ്ചല്‍വാലിയിലാണ് നാട്ടുകാരുടെ പ്രതിഷേധം നടന്നത്.
വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡ് നാട്ടുകാര്‍ പിഴുതുമാറ്റി. ബോര്‍ഡ് എടുത്ത് വനം വകുപ്പിന്റെ ഓഫീസിന് മുന്നില്‍ കൊണ്ടുപോയി കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
‘ഇത് ഞങ്ങളുടെ കൃഷിയിടത്തില്‍വെച്ച ബോര്‍ഡാണ്. അത് ഫോറസ്റ്റുകാരന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവെക്കുകയാണ്. കൃഷിയിടത്തിലെ ഒരിഞ്ച് ഭൂമിക്ക് ഫോറസ്റ്റുകാരനോ റവന്യൂക്കാരനോ അവകാശവുമില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്.
ഞങ്ങളെ കടക്കണിയിലാക്കിയവര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സൂചനയാണിത്. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ലഭിക്കണം. തലമുറകളായി ഇത് ഞങ്ങള്‍ക്ക് ലഭിച്ച സ്ഥലമാണ്. ഇവിടെ ജീവിച്ചില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മരിക്കണം. ഇത് മലയോര ജനതയുടെ, അധ്വാനിക്കുന്ന കര്‍ഷകന്റെ വികാരമാണ്.
ഇതിനെ കണ്ടില്ലെന്ന് നടിക്കുന്ന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഒന്നേ പറയാനുള്ളു. ഞങ്ങളെ മനസിലാക്കണം,’ പ്രതിഷേധത്തിനിടയില്‍ നാട്ടുകാരിലൊരാള്‍ ഏഷ്യാനറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ 12,000 ലേറെ പരാതികളാണ് ഇതുവരെ സര്‍ക്കാരിന് മുന്നില്‍ കിട്ടിയത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍.
സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പരാതികള്‍ വന്നിട്ടുള്ളത്.
അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വിഷയല്‍ത്തിൽ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത 2013 മെയ് എട്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ രേഖ പുറത്തുവന്നത്. വനമേഖലകള്‍ക്ക് ചുറ്റും പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍സോണായി നിജപ്പെടുത്താനാണ് ഈ യോഗത്തില്‍ തീരുമാനമെടുത്തത്.
Content Highlight: Massive protest in Kottayam Erumeli against the buffer zone map.