കോട്ടയം: ബഫര്‍സോണ്‍ ഭൂപടത്തിനെതിരെ കോട്ടയം എരുമേലിയില്‍ വന്‍ പ്രതിഷേധം. ജനവാസ മേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം. എരുമേലിയിലെ എയ്ഞ്ചല്‍വാലിയിലാണ് നാട്ടുകാരുടെ പ്രതിഷേധം നടന്നത്.
വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡ് നാട്ടുകാര്‍ പിഴുതുമാറ്റി. ബോര്‍ഡ് എടുത്ത് വനം വകുപ്പിന്റെ ഓഫീസിന് മുന്നില്‍ കൊണ്ടുപോയി കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
‘ഇത് ഞങ്ങളുടെ കൃഷിയിടത്തില്‍വെച്ച ബോര്‍ഡാണ്. അത് ഫോറസ്റ്റുകാരന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവെക്കുകയാണ്. കൃഷിയിടത്തിലെ ഒരിഞ്ച് ഭൂമിക്ക് ഫോറസ്റ്റുകാരനോ റവന്യൂക്കാരനോ അവകാശവുമില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്.
ഞങ്ങളെ കടക്കണിയിലാക്കിയവര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സൂചനയാണിത്. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ലഭിക്കണം. തലമുറകളായി ഇത് ഞങ്ങള്‍ക്ക് ലഭിച്ച സ്ഥലമാണ്. ഇവിടെ ജീവിച്ചില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മരിക്കണം. ഇത് മലയോര ജനതയുടെ, അധ്വാനിക്കുന്ന കര്‍ഷകന്റെ വികാരമാണ്.
ഇതിനെ കണ്ടില്ലെന്ന് നടിക്കുന്ന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഒന്നേ പറയാനുള്ളു. ഞങ്ങളെ മനസിലാക്കണം,’ പ്രതിഷേധത്തിനിടയില്‍ നാട്ടുകാരിലൊരാള്‍ ഏഷ്യാനറ്റ് ന്യൂസിനോട് പ്രതികരിച്ചു.