| Wednesday, 21st August 2024, 7:59 am

നഴ്‌സറി വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മഹാരാഷ്ട്രയില്‍ സ്‌കൂള്‍ അടിച്ച് തകര്‍ത്തും ട്രെയിന്‍ തടഞ്ഞും വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാല് വയസുള്ള രണ്ട് നഴ്‌സറി വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ശുചീകരണ തൊഴിലാളി നടത്തിയ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധം ശക്തം. താനെയിലെ പ്രശസ്തമായ വിദ്യാലയത്തിലാണ് സംഭവം. നിരവധി മാതാപിതാക്കള്‍ സ്‌കൂള്‍ കെട്ടിടം അടിച്ച് തകര്‍ക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധക്കാര്‍ ബാദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധിച്ചു. ഇതോടെ നിരവധി ട്രെയിനുകള്‍ വൈകുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ 18ാം തീയ്യതിയാണ് സ്‌കൂളിലെ 24 വയസുകാരനായ ശുചീകരണ തൊഴിലാളി ലൈംഗികാതിക്രമം നടത്തിയ വിവരം കുട്ടികളുടെ മാതാപിതാക്കള്‍ അറിയുന്നത്. മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് നേരെ ടോയ്‌ലെറ്റില്‍ വെച്ചാണ് അതിക്രമുണ്ടായത്.

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വിവിധ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ക്ലാസ് ടീച്ചര്‍ തുടങ്ങിയവരെ സസ്‌പെന്‍ഡ് ചെയ്തു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ സ്‌കൂളിന് മുമ്പില്‍ തടിച്ചുകൂടിയാണ് പ്രതിഷേധിച്ചത്. ഇതില്‍ ഒരു കൂട്ടം ആളുകള്‍ സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി ജനലും ബെഞ്ചുകളുമെല്ലാം അടിച്ചുതകര്‍ത്തു.

ഇതിന് പിന്നാലെയാണ് ട്രെയിനുകള്‍ തടഞ്ഞും ഇവര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

ജില്ലാ വനിതാ, ശിശുക്ഷേമ വകുപ്പ് ഇടപെട്ടതിന് ശേഷം മാത്രമാണ് കുറ്റക്കാരന് നേരെ പോക്‌സോ വകുപ്പ് ചുമത്താന്‍ പൊലീസ് തയ്യാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ബദ്‌ലാപൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയതായി മഹരാഷട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസ് വേഗത്തിലാക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ പറഞ്ഞു.

പരാതി സ്വീകരിക്കുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ 11 മണിക്കൂറിലധികം പൊലീസ് സ്റ്റേഷനില്‍ കാത്തുനിര്‍ത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന് ബി.ജെ.പി നേതാക്കളുമായ ബന്ധമുണ്ടെന്ന് ശിവസേന (യു.ബി.ടി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. കേസില്‍ വേഗത്തിലുള്ള വിചാരണയും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അതിവേഗം അന്വേഷിക്കണമെന്നും കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ നിതീ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Massive protest against sexual harassment of four-year-old girls in Maharashtra; The school vandalized

We use cookies to give you the best possible experience. Learn more