|

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ പഞ്ചാരകൊല്ലിയിൽ വൻ പ്രതിഷേധം; റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി : കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ പഞ്ചാരകൊല്ലിയിൽ വൻ പ്രതിഷേധം. മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡിൽ പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസപ്പെട്ടു.

വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. പൊലീസാണ് ഏറെ പണിപ്പെട്ടാണ് മന്ത്രിക്ക് രാധയുടെ വീട്ടിലേക്കുള്ള വഴിയൊരുക്കിയത്. ആളുകളെ നീക്കാൻ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തർക്കവും ഉന്തും തള്ളുമുണ്ടായി.

സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രി സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. രാധ മരിച്ചതിന് ശേഷം മന്ത്രി പാട്ടുംപാടി നടക്കുകയാണെന്നും വിമർശനം ഉയർന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താൻ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തുകൊണ്ട് ജനങ്ങൾ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങൾ ചോദ്യമുയർത്തി.

മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വാഹനത്തിൽ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വൻ പൊലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്.

പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സി.പി.എം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചു.

അതേസമയം പഞ്ചാരക്കൊല്ലിയിൽ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച ‘വെടിവെക്കാൻ ഉത്തരവ് നൽകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.

വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവയ്ക്കാൻ ഉന്നതല യോഗത്തിൽ തീരുമാനിച്ചത്.

ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാൻ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടർച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകിൽ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു

Content Highlight: Massive protest against Forest Minister AK Saseendran in Panjarakoli; Protest by sitting and lying down on the road

Latest Stories

Video Stories