| Wednesday, 11th January 2023, 10:04 am

'അട്ടിമറിശ്രമം നടത്തിയവര്‍ക്ക് മാപ്പില്ല, ബോള്‍സൊനാരോക്ക് അഭയം ജയില്‍'; ബ്രസീലില്‍ കൂറ്റന്‍ ജനാധിപത്യസംരക്ഷണ റാലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡെ ജനീറോ: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുജനം തെരുവില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കളക്കിനാളുകളാണ് കൂറ്റന്‍ റാലികളുടെ ഭാഗമായി തെരുവിലിറങ്ങിയത്.

ജനാധിപത്യസംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. അട്ടിമറിശ്രമം നടത്തിയവര്‍ക്ക് മാപ്പില്ല, ബൊല്‍സനാരോക്ക് അഭയം ജയില്‍ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

റിയോ ഡെ ജനീറ, സാവോപോളോ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വലിയ റാലികള്‍ നടന്നു. ലൂല ഡ സില്‍വയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നിറമായ ചുവപ്പുവസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രതിഷേധക്കാര്‍ റാലികളുടെ ഭാഗമായത്.

കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.

തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.

അക്രമം അഴിച്ചുവിട്ടത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രസിഡന്റ് ലുല പ്രതികരിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല വ്യക്തമാക്കി.

യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായാണ് ബ്രസീലിലും ആക്രമണമുണ്ടായത്. കലാപസമാനമായ അന്തരീക്ഷം നേരിടാന്‍ സംഭവസ്ഥലത്ത് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ അക്രമ സംഭവങ്ങളെ അപലപിച്ച് ബോള്‍സൊനാരോയും രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന് നേരെയടക്കം നടന്ന അക്രമങ്ങളില്‍ തനിക്ക് പങ്കില്ലെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.

Content Highlight: Massive pro-democracy rallies in Brazil

We use cookies to give you the best possible experience. Learn more