| Tuesday, 30th July 2024, 7:36 am

വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍; ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും ഒരു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേര്‍ മരണപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 33 പേര്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

ഉരുള്‍പൊട്ടലില്‍ മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡും പാലവും ഒലിച്ചുപോയി. നൂറുകണക്കിന് ആളുകളാണ് ചൂരല്‍മലയില്‍ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ പല രീതിയിലും ഉദ്യോഗസ്ഥരെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വയനാട്ടില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊല്ലത്ത് നിന്ന് 30 അംഗസംഘം വയനാട്ടിലേക്ക് തിരിച്ചതായാണ് വിവരം. ചെന്നൈയില്‍ നിന്നും 30 അംഗസംഘം ഉടന്‍ വയനാട്ടിലേക്ക് തിരിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കുന്നതിനും എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല അടക്കമുള്ള പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പ്-ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Massive landslide in Meppadi Mundakai, Wayanad

We use cookies to give you the best possible experience. Learn more