| Tuesday, 16th April 2019, 7:45 am

പാരീസിലെ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: 850 വര്‍ഷം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പള്ളിയുടെ ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ പ്രധാന കെട്ടിടവും രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണക്കുന്നതിനിടെ ഒരു അഗ്‌നിശമന സേനാ പ്രവര്‍ത്തകന്  ഗുരുതര പരിക്കേറ്റു. തീപ്പിടിത്തം ഭയാനകരമായ ദുരന്തമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു.

അതേസമയം, 500ഓളം അഗ്‌നിശമന സേനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിന്റെ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ അറിയിച്ചു.

ഇതിനു പുറമേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല.

1163 ല്‍ ലൂയിസ് ഏഴാമന്‍ രാജാവ് നിര്‍മാണമാരംഭിച്ച പള്ളിയുടെ പണി പൂര്‍ത്തിയായത് 1260 ലാണ്. പാരീസിന്റേയും ഫ്രാന്‍സിന്റേയും ഒരു പ്രധാന അടയാളമായിരുന്നു നോത്രദാം പള്ളി. 1831ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവല്‍ പുറത്തു വന്നതോടെ പള്ളി ലോകമെമ്പാടും ഏറെ പ്രശസ്തമായി.

We use cookies to give you the best possible experience. Learn more