കൊച്ചി: എറണാകുളം ജില്ലയുടെ രണ്ട് ഭാഗങ്ങളില്‍ വന്‍ തീപ്പിടുത്തം. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. തീ സമീപത്തെ റെയില്‍വെ മേല്‍പ്പാലത്തിലേക്കും റെയില്‍വെ ട്രാക്കിലേക്കും പടര്‍ന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തീപ്പിടുത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്‌ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് തടഞ്ഞത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഇത് പുനസ്ഥാപിച്ചു. നെടുമ്പാശേരിയിലെ ഹോട്ടലില്‍ രാത്രി 12 മണിയോട് കൂടിയാണ് തീപ്പിടുത്തം ഉണ്ടാവുന്നത്. നെടുമ്പാശേരി ആപ്പിള്‍- റെസിഡന്‍സി ഹോട്ടലിലാണ് സംഭവം. പാര്‍ക്കിങ് ഏരിയയിലാണ് തീപ്പിടിച്ചത്. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു.
പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപ്പിടുത്തത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകള്‍ ഭാഗിമായും അഗ്നിക്കിരയായി. ഏതാനും ബൈക്കുകള്‍ക്കും തീപ്പിടിച്ചിട്ടുണ്ട്. അപകടത്തിനിടെ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ചു. എന്നാല്‍ തീപ്പിടുത്തതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി എ.സി.പി രാജ്കുമാര്‍ പ്രതികരിച്ചു.
അതേസമയം എറണാകുളം ആക്രി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ജനവാസ മേഖലയായതിനാല്‍ വളരെപെട്ടെന്നുതന്നെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Massive fire in Ernakulam South and Nedumbassery