മാഡ്രിഡ്: ലോകഫുട്‌ബോള്‍ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ് റയല്‍ മാഡ്രിഡ്. അതുപോലെ തന്നെ പന്തുതട്ടുന്ന നാട്ടിലൊക്കെ ആരാധിക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോയുടേയും റയലിന്റേയും ആരാധകരെ ഏറെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ അഭ്യന്തര കലാപം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലഹത്തിന് കാരണമാകട്ടെ ക്രിസ്റ്റിയാനോയും.
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ പതിനൊന്നില്‍ നിന്നും മാറ്റിനിര്‍ത്തമെന്ന് ബെല്‍ജിയം ഹീറോ ഗാരത് ബെയ്ലും ടോണി ക്രൂസും, ലൂക്കാ മോഡ്രിക്കും അടക്കമുളള താരങ്ങള്‍ ടീം മാനേജുമെന്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് ദിനപത്രമായ ഡോണ്‍ ബാലോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോച്ച് സിനദീന്‍ സിദാനെ കണ്ടതായും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം ഫോമില്‍ റൊണാള്‍ഡോ ടീമില്‍ തുടരുന്നതിലുളള തങ്ങളുടെ അതൃപ്തി താരങ്ങള്‍ കോച്ചുമായും പങ്കുവെച്ചന്നാണ് കേള്‍ക്കുന്നത്. താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പുവരുത്ത രീതി കൈകൊള്ളണമെന്നും സംഘം സിദാനോട് ആവശ്യപ്പെട്ടു.
ഈ സീസണില്‍ ഇതുവരെ 26 ഗോളുകള്‍ നേടിയിട്ടുളള റൊണാള്‍ഡോ അതില്‍ 19 നേടിയത് ലാലിഗയിലാണ്. ബാലന്‍ഡിയോര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോയെ തേടി ഈ വര്‍ഷം എത്തിയിരുന്നു. എന്നാല്‍ കുറച്ച് മത്സരങ്ങളിലായി താരത്തിന്റെ ഫോം മങ്ങിയതായും ആരോപണമുണ്ട്.
ഗാരത് ബെയ്ലും ടോണി ക്രൂസും, ലൂക്കാ മോഡ്രിക്കും കൂടാതെ അല്‍വാരോ മൊറാട്ട, മാര്‍സിയോ അസാന്‍സിയോ, മത്യയോ കവാസിസ്, ലൂക്കാസ് വസ്‌ക്യൂസ് തുടങ്ങിയവരും സിദാനെ കണ്ട സംഘത്തിലുണ്ടായിരുന്നു.