| Monday, 10th April 2023, 9:37 am

നാഴികക്കല്ലാകുന്ന നേട്ടങ്ങളാണ് ഗെലോട്ടിന് കീഴില്‍ കൈവരിച്ചത്‌; ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് പോര് വീണ്ടും രൂക്ഷമാകുന്നതിനിടെ ഗെലോട്ടിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. അഴിമതിക്കേസുകളില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്താനുള്ള ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുള്ളതായാണ് പുതിയ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച സമരം നടത്തുമെന്നാണ് സച്ചിന്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.

അശോക് ഗെലോട്ടിന് കീഴില്‍ സംസ്ഥാനത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും, നാഴികക്കല്ലാകുന്ന ഇത്തരം നേട്ടങ്ങളെ മുന്‍നിര്‍ത്തിയാകും വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയെ വന്‍ വിജയമാക്കിയതിന് പിന്നില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും കാരണമായിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ലളിത് മോദിക്കും വ്യാജമദ്യമാഫിയക്കും ഭൂമി കയ്യേറ്റത്തിനും നിയമവിരുദ്ധ ഖനനത്തിനുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്നതില്‍ അശോക് ഗെലോട്ട് പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തുന്ന സച്ചിന്‍, അഴിമതിക്കാര്‍ക്കെതിരെ കൃത്യമായ നടപടികളെടുത്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.  എന്നാല്‍ കേന്ദ്രനേതൃത്വം സച്ചിന്‍ പൈലറ്റിനെ നടപടികളോട് അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍, ഉപമുഖ്യമന്ത്രിയുടെ തുടര്‍നീക്കങ്ങളില്‍ കണ്ണുനട്ടിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

ബി.ജെ.പി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരായി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയ ഗെലോട്ട്, ഭരണത്തിലേറിയപ്പോള്‍ എന്തു കൊണ്ടാണ് ശരിയായ അന്വേഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കാഞ്ഞത് എന്നാണ് സച്ചിന്‍ ഉയര്‍ത്തുന്ന ചോദ്യം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ എങ്ങനെയാണ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുക എന്ന ചോദ്യവും സച്ചിന്‍ ഉയര്‍ത്തുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് വിട്ടു നല്‍കാന്‍ ഗെലോട്ട് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദത്തില്‍ അവകാശവാദമുന്നയിച്ച് 2020ല്‍ തന്നെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം സച്ചിന്‍ വിമതസ്വരമുയര്‍ത്തിയത് ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതൃത്വത്തെ വലച്ചത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിന് മുമ്പ് ഗെലോട്ടിനെ ആ പദവിയിലെത്തിക്കാനും പാര്‍ട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം വിട്ട് ഒരു പരിപാടിക്കുമില്ല എന്ന നിലപാടായിരുന്നു ഗെലോട്ടിന്. വരുന്ന തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കച്ച കെട്ടുകയാണ് ഗെലോട്ട്. എന്നാല്‍ ഇത്തവണ ഗെലോട്ടിന് വഴങ്ങില്ല എന്ന ശക്തമായ സൂചനയാണ് ഉപവാസ സമര പ്രഖ്യാപനത്തിലൂടെ സച്ചിന്‍ നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് അഴിമതിക്കേസുകളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൈലറ്റിന്റെ ആവശ്യം.

Content Highlights: Massive developments  were achieved under Gehlot; Congress leadership in support of Gehlot

Latest Stories

We use cookies to give you the best possible experience. Learn more