ന്യൂദൽഹി: ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് കം സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്. 44 കോടി രൂപയാണ് സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി അനുവദിച്ചിരിക്കുന്നത്.
2022-23 ബജറ്റിൽ 365 കോടി രൂപയായിരുന്നു സ്കോളർഷിപ്പിനായി അനുവദിച്ചിരുന്നു. ഇതിൽ നിന്നും 87 ശതമാനത്തിന്റെ കുറവാണ് നിലവിലെ ബജറ്റിലുള്ളത്.
മദ്രസകൾക്കും ന്യൂനപക്ഷ വിദ്യാഭ്യാസത്തിനും അനുവദിച്ച തുകയിൽ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ബജറ്റിൽ 160കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ബജറ്റ് പ്രകാരം 10 കോടി രൂപയാണ് ന്യൂനപക്ഷ വിദ്യാഭ്യാസത്തിനും മദ്രസകൾക്കുമായി മാറ്റിയിരിക്കുന്നത്.
പ്രീമെട്രിക് സ്കോളർഷിപ്പുകളിലും ഇക്കുറി ഗണ്യമായ കുറവാണുള്ളത്. 1,425 കോടി രൂപയിൽ നിന്നും 992 കോടിയിവേക്കാണ് തുക ചുരുങ്ങിയത്.
അതേസമയം പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകളിൽ 106 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 550 കോടി രൂപയിൽ നിന്നും 2023 ബജറ്റിൽ തുക 1,065 കോടി രൂപയായാണ് ഉയർത്തിയിരിക്കുന്നത്.
മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) പ്രോഗ്രാം അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർധന, ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾക്കുള്ള പ്രീ-മെട്രിക്കുലേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകൂവെന്നും നേരത്തെ ഉത്തരവിറങ്ങിയിരുന്നു.
2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ കുറവുണ്ടാകുന്നുണ്ടെന്നും വിമർശനമുണ്ട്.
Content Highlight: Massive cuts in budget allocated to madrasas and merit cum scholarships in union budget 2023