| Friday, 27th September 2024, 7:29 am

തൃശൂരില്‍ വന്‍ എ.ടി.എം കവര്‍ച്ച; 65 ലക്ഷത്തിന്റെ നഷ്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെട്ടു. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്.ബി.ഐ എ.ടി.എമ്മുകളാണ് കൊള്ളയടിച്ചത്.

പുലര്‍ച്ചെ മൂന്നിനും നാല് മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

എ.ടി.എമ്മുകളിലെ സി.സി.ടി.വി ക്യാമറകളിൽ കറുത്ത സ്പ്രേ അടിച്ചതായി കാണാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം. മാപ്രാണത്തെ എ.ടി.എമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എമ്മില്‍ നിന്ന്  9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. മോഷ്ടാക്കൾ പ്രൊഫഷണല്‍ സംഘമാണെന്നും സൂചനയുണ്ട്. പ്രതികളെ പിടികൂടുന്നതിനായി തൃശൂര്‍ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള അയൽ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Massive ATM robbery in Thrissur

We use cookies to give you the best possible experience. Learn more