ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികരിലൊരാള്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങിയ മാസിമിലാനോ ലത്തോറെ മടങ്ങില്ലെന്നാണ് ഇറ്റാലിയന്‍ സെനറ്റിന്റെ പ്രതിരോധ കമ്മിറ്റി തലവന്‍ അറിയിച്ചത്.
“മാസിമിലാനോ ലത്തോറെ ഇന്ത്യയിലേക്ക് തിരിച്ചുപോകില്ല. സാല്‍വത്തൊറെ ജെറോണിനെ ഇറ്റലിയിലേക്ക് തിരിച്ചെത്തിക്കാനുള്ള വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ” ഇറ്റാലിയന്‍ സെനറ്റിലെ പ്രതിരോധ കമ്മിറ്റി തലവന്‍ നികോള ലത്തോറെ പറഞ്ഞു.
2014ല്‍ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് ലത്തോറെയെ ഇറ്റലിയിലേക്കു പോകാന്‍ ഇന്ത്യ അനുവദിച്ചത്. ജെറോണ്‍ ന്യൂദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണിപ്പോഴുള്ളത്. ഇയാള്‍ ഇന്ത്യവിട്ടുപോകുന്നതിന് ഇന്ത്യന്‍ അധികൃതര്‍ വിലക്കേര്‌പ്പെടുത്തിയിട്ടുണ്ട്.
നാല് മാസത്തെ ജാമ്യത്തില്‍ 2014 സെപ്തംബര്‍ 12നാണ് മാസിമിലാനോ ജന്മനാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സൗകര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കാലാവധി അവസാനിക്കുന്നതിനാല്‍ സുപ്രീംകോടതി ബുധനാഴ്ച ഇത് സംബന്ധിച്ച വാദം കേള്‍ക്കും.
2012 ഫെബ്രുവരി 15നാണ് എന്റിക ലക്‌സിയെന്ന കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. മത്സ്യബന്ധനത്തിന് പോയ മുദാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്‍, കന്യാകുമാരി ഇരയിമ്മന്‍തുറ കോവില്‍വിളാകത്ത് അജീഷ് (പിങ്കു) എന്നിവരാണ് കൊല്ലപ്പെട്ടത്.